തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ടി. വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച നടപടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പൂർത്തിയാക്കി. തിരുവനന്തപുരം എം.ജി. റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിലുള്ള ലോക്കറിലാണ് പരിശോധന നടന്നത്. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശോധന വീണയുടെ സാന്നിധ്യത്തിലായിരുന്നു.
കേസിൽ വീണയടക്കമുള്ളവരെ കഴിഞ്ഞ ദിവസം ഇ.ഡി കൊച്ചി ഓഫീസിൽ ചോദ്യം ചെയ്തിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭാഗിക രേഖകൾ മാത്രമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. ലോക്കറുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭിക്കാത്ത സാഹചര്യത്തിലാണ് അത് തുറന്ന് പരിശോധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇതിനു മുമ്പ് വീണയുടെ ചില ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചിരുന്നു. സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ലോക്കർ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുന്നത്.
മാസപ്പടി കേസിൽ എക്സാലോജിക് കമ്പനിക്കും സി.എം.ആർ.എല്ലിനും ഇടയിലെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിച്ചുവരുന്നത്. അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

