തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടുള്ള 2026-ലെ കേരള ബജറ്റ് പ്രഖ്യാപിച്ചു. കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കും വലിയ മുൻഗണന നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി വർദ്ധിപ്പിച്ചു എന്നതാണ് ബജറ്റിലെ പ്രധാന ആകർഷണം. കൂടാതെ, കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായി 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഹരിതകേരളവും അടിസ്ഥാന സൗകര്യങ്ങളും
കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബായി മാറ്റാൻ 100 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ഭൂമി സംബന്ധമായ കാര്യങ്ങൾക്കായി പുതിയ ലാൻഡ് മാനേജ്മെന്റ് നയം രൂപീകരിക്കുമെന്നും ‘ഭൂപരിഷ്കരണം 2’ നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്. നഗര വികസനത്തിനായി ‘കേരള അർബൻ ഗ്രോത്ത് മിഷൻ’ എന്ന സമഗ്ര പദ്ധതിയും തദ്ദേശ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്കരണത്തിനായി 160 കോടി രൂപയും വകയിരുത്തി. ഗ്രാമസഭകളുടെ പ്രവർത്തനം ഇനി മുതൽ ഓൺലൈൻ വഴിയാക്കും. ഐടി മേഖലയുടെ വികസനത്തിനായി കോഴിക്കോട് സൈബർ പാർക്കിനെ തിരുവനന്തപുരം ടെക്നോപാർക്കിന്റെയും കൊച്ചി ഇൻഫോപാർക്കിന്റെയും നിലവാരത്തിലേക്ക് ഉയർത്തും. സിയാലിനോട് (CIAL) ചേർന്ന് പുതിയ ഗ്ലോബൽ കൺവെൻഷൻ സെന്ററും രാജ്യത്ത് ഒരു ഗ്ലോബൽ ഗോൾഡ് ഹബ്ബും നിർമ്മിക്കും. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മലയാളം എ.ഐ (AI) സംരംഭം ആരംഭിക്കുമെന്നും ബജറ്റിൽ പറയുന്നു.
കായിക-സാംസ്കാരിക മേഖലകൾക്ക് വൻ വിഹിതം
മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊച്ചിയിൽ 100 കോടി രൂപ ചെലവിൽ ജെ.സി ഡാനിയൽ ഫിലിം സിറ്റി ‘ചിത്രനഗരം’ സ്ഥാപിക്കും. സാംസ്കാരിക രംഗത്തിന് ഉണർവേകാൻ പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് സാംസ്‌കാരിക കേന്ദ്രം (50 കോടി രൂപ), തൃശൂരിൽ ജോൺസൺ മാഷിന്റെ പേരിൽ മ്യൂസിക് അക്കാദമി എന്നിവ സ്ഥാപിക്കും.
കൃഷിയും മത്സ്യബന്ധനവും
യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിനൊപ്പം വനിതകൾക്കായി ‘കൃഷി സഖി’ പദ്ധതിയും നടപ്പിലാക്കും. നെൽക്കർഷകർക്കായി പുതിയ നെല്ല് സംഭരണ കേന്ദ്രങ്ങൾ തുടങ്ങും. തിരുവനന്തപുരം നെട്ടുകാൽത്തേരിയിൽ പുതിയ തീറ്റപ്പുൽ ഫാം സ്ഥാപിക്കും. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഫിഷറീസ് സബ് പ്ലാൻ ആവിഷ്കരിക്കുകയും അവർക്കായി ഭവന പദ്ധതി നടപ്പാക്കുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി വർദ്ധിപ്പിച്ചു. തീരദേശത്തെ വലിയ പ്രശ്നമായ മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണത്തിന് ശാശ്വത പരിഹാരം കാണുമെന്നും ബജറ്റിൽ ഉറപ്പുനൽകുന്നു.
ആരോഗ്യവും സാമൂഹിക ക്ഷേമവും
വയോജനങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച വയോജന വകുപ്പിന് 10 കോടി രൂപ വകയിരുത്തി. അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ സ്മരണാർത്ഥം ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ പ്രഖ്യാപിക്കുകയും ഇതിനായി 10 കോടി രൂപ മാറ്റിവെക്കുകയും ചെയ്തു. എൻഡോസൾഫാൻ ദുരിതബാധിതരുടെ സംരക്ഷണം സർക്കാർ പൂർണ്ണമായി ഏറ്റെടുക്കും. വയനാട്ടിൽ പുതിയ ട്രൈബൽ സർവകലാശാലയും പാചക കല പ്രോത്സാഹിപ്പിക്കുന്നതിനായി 2 കോടി രൂപ ചെലവിൽ പാചക കല ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിക്കും. ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വിലങ്ങാടിന്റെ പുനരുജ്ജീവനത്തിനായി പ്രത്യേക വികസന പാക്കേജും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

