അബുദാബി: കുട്ടികളിലെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും പൂർണ്ണ വിലക്കേർപ്പെടുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ). നിയമം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്കെ തിരെ കർശനമായ നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്നും രാജ്യം പ്രഖ്യാപിച്ചു. യു.എ.ഇ മന്ത്രിസഭാ പ്രമേയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ ആണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.
പുതിയ ഉത്തരവ് പ്രകാരം 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ നിർമ്മിക്കാനോ പ്രവർത്തിപ്പിക്കാനോ അനുമതിയുണ്ടായിരിക്കില്ല. ഇതിനുപുറമേ, ചിത്രങ്ങളോ വീഡിയോകളോ പ്രസിദ്ധീകരിക്കുക, കമന്റ് ചെയ്യുക, ഉള്ളടക്കങ്ങൾ പങ്കുവെക്കുക (ഷെയർ ചെയ്യുക), മറ്റ് ഉപയോക്താക്കളുമായി സമ്പർക്കം പുലർത്തുക, പൊതു ഗ്രൂപ്പുകളിൽ ചേരുക തുടങ്ങിയ ഫീച്ചറുകൾ ഉപയോഗിക്കുന്നതിൽ നിന്നും ഈ പ്രായപരിധിയിൽ താഴെയുള്ള കുട്ടികളെ വിലക്കിയിട്ടുണ്ട്.
പുതിയ നിയമവുമായി പൊരുത്തപ്പെടുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് 12 മാസത്തെ സാവകാശം (ട്രാൻസിഷൻ പിരീഡ്) അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കാൻ പ്ലാറ്റ്‌ഫോമുകൾ നടപടി സ്വീകരിക്കണം. നിയമം പാലിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്കെതിരെ മുന്നറിയിപ്പ് നൽകാനും പിഴ ചുമത്താനും പ്ലാറ്റ്‌ഫോമുകൾ ഭാഗികമായോ പൂർണ്ണമായോ തടയാനും (ബ്ലോക്ക് ചെയ്യാനും) റെഗുലേറ്ററി അതോറിറ്റികൾക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

