വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ലോകമെമ്പാടും കൂടുതൽ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, സമൂഹം പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടണമെന്ന് പ്രമുഖ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ (Nvidia) സി.ഇ.ഒ ജൻസൻ ഹുവാങ്.പ്രത്യേക അഭിമുഖത്തിലാണ് എഐ യുഗത്തിൽ മനുഷ്യൻ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ച് പുതിയ സാമൂഹിക മാനദണ്ഡങ്ങളും മര്യാദകളും നാം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് ഹുവാങ് പറഞ്ഞു. എല്ലാവരും എഐ സാങ്കേതികവിദ്യ ഉപയോഗി ക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും, അതിൽ നിന്ന് മാറിനിൽക്കാതെ അതിലേക്ക് ഇറങ്ങിച്ചെല്ലാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
പഴയ കാലത്ത് മോട്ടോർ വാഹനങ്ങളുടെ വരവോടെ ലോകത്തുണ്ടായ മാറ്റങ്ങളോടാണ് എഐ സാങ്കേതിക വിദ്യയുടെ കടന്നുവരവിനെ ഹുവാങ് ഉപമിച്ചത്. കാറുകൾ നിരത്തിലിറങ്ങിയപ്പോൾ അതിനൊപ്പം തന്നെ പുതിയ നിയമങ്ങളും, നടപ്പാതകളും, ക്രോസ്സ്‌വാക്കുകളും, സീറ്റ് ബെൽറ്റുകൾ പോലുള്ള സാങ്കേതിക സുരക്ഷാ സംവിധാനങ്ങളും കാലക്രമേണ വികസിച്ചുവന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. അതുപോലെതന്നെ എഐയു ടെ കാര്യത്തിലും പുതിയ നിയമങ്ങളും സാമൂഹിക ശീലങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പുതിയ വ്യവസായ വിപ്ലവത്തിന്റെ പരമാവധി നേട്ടം കൊയ്യാൻ അമേരിക്ക തയ്യാറാകണമെന്ന് ഹുവാങ് ആവശ്യപ്പെട്ടു. മുൻപുണ്ടായ വ്യവസായ വിപ്ലവത്തോട് രാജ്യം എങ്ങനെ പ്രതികരിച്ചുവോ, അതേ ഗൗരവത്തോടെയും ജാഗ്രതയോടെയും ഈ പുത്തൻ സാങ്കേതിക മുന്നേറ്റത്തെയും രാജ്യം ഉൾക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

