ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, 89 പേർക്ക് പരിക്ക്

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, 89 പേർക്ക് പരിക്ക്

ബ്രിട്ടനിലെ ബെഡ്ഫോർഡിന് സമീപം രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 89 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ 11 പേരുടെ നില അതീവ ഗുരുതരവും 22 പേർക്ക് ഗുരുതര പരിക്കുമുണ്ട്. മറ്റുള്ള 56 പേർക്ക് നിസ്സാര പരിക്കുകളാണ് സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 5.15ഓടെയാണ് അപകടമുണ്ടായത്. ലണ്ടനിലെ സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്കുള്ള രണ്ട് ഈസ്റ്റ് മിഡ്‌ലാൻഡ്സ് റെയിൽവേ ട്രെയിനുകളാണ് ബെഡ്ഫോർഡിന് തെക്കുഭാഗത്ത് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് വൻ രക്ഷാപ്രവർത്തനമാണ് നടന്നത്. 20-ലധികം ആംബുലൻസുകളും ആറ് എയർ ആംബുലൻസുകളും സ്ഥലത്തെത്തിച്ച് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തിൽ മരിച്ചത് ട്രെയിൻ ഡ്രൈവറാണെന്ന് തൊഴിലാളി യൂണിയൻ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസും റെയിൽ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് ലണ്ടൻ സെന്റ് പാൻക്രാസിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയോ തടസ്സപ്പെടുകയോ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *