വാർഷോ: രണ്ടാം ലോകമഹായുദ്ധ കാലത്തെ വിവാദ സായുധസംഘത്തിന്റെ പേര് പുതിയ സൈനിക യൂണിറ്റിന് നൽകാനുള്ള യുക്രൈൻ സർക്കാരിന്റെ തീരുമാനം പോളണ്ടുമായുള്ള കടുത്ത നയതന്ത്ര ഭിന്നതയ്ക്ക് വഴിവെച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിക്ക് നൽകിയിരുന്ന പോളണ്ടിന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ വൈറ്റ് ഈഗിൾ’ റദ്ദാക്കിയതായി പോളിഷ് പ്രസിഡന്റ് കാരൾ നവ്റോസ്‌കി അറിയിച്ചു.
പോളണ്ടിന്റെ ഈ നടപടിക്ക് തിരിച്ചടിയായി, തങ്ങൾക്ക് മുൻപ് സമ്മാനിച്ച ‘ഗോൾഡൻ ഓഫീസേഴ്സ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മെരിറ്റ്’ എന്ന ബഹുമതി യുക്രൈൻ നിരസിക്കുന്നതായി സെലൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് കിറിലോ ബുഡാനോവ് വ്യക്തമാക്കി. അതേസമയം, സെലൻസ്‌കിക്ക് നൽകിയ ബഹുമതി റദ്ദാക്കിയ പോളിഷ് നടപടി തികച്ചും മര്യാദകേടാണെന്ന് യുക്രൈൻ വിദേശകാര്യമന്ത്രി ആന്ദ്രൈ സിബിഹ പ്രതികരിച്ചു
‘യുക്രേനിയൻ ഇൻസർജന്റ് ആർമി’ (UPA) എന്ന സായുധസംഘത്തിന്റെ പേര് തങ്ങളുടെ ഒരു സൈനിക യൂണിറ്റിന് നൽകാനുള്ള യുക്രൈന്റെ തീരുമാനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് ആധാരം. 1943-45 കാലഘട്ടത്തിൽ ഈ സംഘടന യുക്രൈനിലെ പോളിഷ് വംശജരെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചതായി കടുത്ത ആരോപണങ്ങളുണ്ട്.
സൈനിക യൂണിറ്റിന് ഈ സംഘടനയുടെ പേര് നൽകാനുള്ള യുക്രൈന്റെ തീരുമാനം എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണെന്ന് പോളിഷ് പ്രസിഡന്റ് കുറ്റപ്പെടുത്തി. റഷ്യൻ അധിനിവേശത്തെ തുടർന്ന് ജീവരക്ഷാർത്ഥം പലായനം ചെയ്ത യുക്രൈൻ പൗരന്മാർക്ക് പോളണ്ട് അഭയം നൽകിയിട്ടുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പുതിയ സാഹചര്യത്തിൽ, യുക്രൈന്റെ യൂറോപ്യൻ യൂണിയൻ (EU) പ്രവേശന ശ്രമങ്ങളെ ഇനി പോളണ്ട് പിന്തുണയ്ക്കില്ലെന്ന് പ്രസിഡന്റ് നവ്റോസ്‌കി വ്യക്തമാക്കി. എന്നാൽ, റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രൈനുള്ള പിന്തുണ രാജ്യം തുടർന്നും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

