തിരുവനന്തപുരം: യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനമായ സാമൂഹ്യ ക്ഷേമപെൻഷൻ 3,000 രൂപയായി വർധിപ്പിക്കുന്നതിൽ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. അർഹരായ മുഴുവൻ ഗുണഭോക്താക്കളിലേക്കും ക്ഷേമപെൻഷൻ എത്തിക്കുന്നതിനായി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പുതിയ സംവിധാനം കൊണ്ടുവരുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ എൽഡിഎഫ് സർക്കാർ 2,500 രൂപ പെൻഷൻ നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പൂർണമായി നടപ്പാക്കിയില്ലെന്നും, ആദ്യ ഭരണകാലാവസാനത്തിലാണ് 1,500 രൂപയിൽ നിന്ന് 100 രൂപ വർധിപ്പിച്ചതും രണ്ടാം ഭരണകാലാവസാനത്തോടെയാണ് 2,000 രൂപയാക്കി ഉയർത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുപോലുള്ള കാലതാമസം ഇപ്പോഴത്തെ സർക്കാർ വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച സ്ത്രീസുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമപെൻഷൻ പദ്ധതിയുടെ ഭാഗമല്ലെന്നും, ആ പദ്ധതി തുടരണോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

