കോച്ചിംഗ് ഏറ്റെടുക്കാൻ റെഡി, പക്ഷെ ഒരൊറ്റ നിബന്ധന മാത്രം; പ്രമുഖ റഗ്ബി കമന്റേറ്ററുടെ വെളിപ്പെടുത്തൽ

സിഡ്നി: വരാനിരിക്കുന്ന നിർണ്ണായക മത്സരങ്ങൾക്ക് മുന്നോടിയായി പ്രമുഖ റഗ്ബി ലീഗ് ടീമായ ന്യൂ സൗത്ത് വെയിൽസിനെ പരിശീലിപ്പിക്കാൻ താൻ തയ്യാറാണെന്ന സൂചന നൽകി പ്രശസ്ത ഓസ്‌ട്രേലിയൻ കമന്റേറ്റർ മാറ്റി ജോൺസ്. എന്നാൽ ഈ ദൗത്യം ഏറ്റെടുക്കുന്നതിന് പിന്നിൽ അദ്ദേഹം ഒരു പ്രധാന നിബന്ധന മുന്നോട്ട് വെച്ചിട്ടുണ്ട്.

കായോ സ്പോർട്സിലെ തന്റെ ഞായറാഴ്ച രാത്രി ഷോയിൽ സംസാരിക്കവെ, ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തനിക്ക് വ്യക്തിപരമായി താല്പര്യമില്ലെന്ന് മാറ്റി വ്യക്തമാകി. എന്നാൽ ഓസ്‌ട്രേലിയൻ റഗ്ബി ചരിത്രത്തിലെ ഇതിഹാസ താരവും തന്റെ സഹോദരനുമായ ‘ജോയി’ എന്നറിയപ്പെടുന്ന ആൻഡ്രൂ ജോൺസ് മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ, അദ്ദേഹത്തെ സഹായിക്കാനായി താൻ കൂടെയുണ്ടാകും എന്നാണ് മാറ്റി ജോൺസിന്റെ പ്രഖ്യാപനം.

ഓസ്‌ട്രേലിയയിലെ പ്രശസ്തമായ സ്റ്റേറ്റ് ഓഫ് ഒറിജിൻ റഗ്ബി ലീഗ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ക്വീൻസ്‌ലാൻഡിനോട് 44-24 എന്ന സ്കോറിന് ന്യൂ സൗത്ത് വെയിൽസ് കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ ബ്രിസ്ബെയ്നിൽ നടക്കാനിരിക്കുന്ന ഫൈനൽ പോരാട്ടത്തിൽ ക്വീൻസ്‌ലാൻഡിന് വലിയ മേൽക്കൈ കൈവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ടീമിനെ വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരാൻ തങ്ങളുടെ സേവനം ലഭ്യമാക്കാൻ തയ്യാറാണെന്ന് മാറ്റി ജോൺസ് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *