സിഡ്നി: പ്രവാസി മലയാളി മണ്ണിൽ വീണ്ടുമൊരു സാംസ്കാരിക വിരുന്ന് ഒരുങ്ങുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരള ചാപ്റ്ററും സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയ (SIAA)യും സംയുക്തമായി സംഘടിപ്പിക്കുന്ന ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഓണാഘോഷമായ “ഇന്ത്യൻ ഓണം 2026” വിജയമാക്കുന്നതിനായുള്ള വിപുലമായ കുടുംബസംഗമം സിഡ്നിയിൽ നടന്നു. വരാനിരിക്കുന്ന മഹാമേളയുടെ മുന്നോടിയായാണ് പ്രവാസി സമൂഹത്തെ ഒന്നിപ്പിച്ചു കൊണ്ട് ഈ സംഗമം സംഘടിപ്പിച്ചത്.
ഐഒസി കേരള ചാപ്റ്റർ NSW പ്രസിഡന്റ് ബിനു വി. ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐഒസി നാഷണൽ സെക്രട്ടറി ഷൈബു പീച്ചിയോട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 23 ഞായറാഴ്ച നടക്കുന്ന ഈ മഹാമേള സിഡ്നിയിലെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക പൈതൃകവും ഐക്യവും വിളിച്ചോതുന്ന വലിയൊരു വേദിയായിരിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. പരിപാടിയുടെ വൻ വിജയത്തിനായി ഇന്ത്യൻ സമൂഹത്തിന്റെ വിപുലമായ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഐഒസി കേരള ചാപ്റ്റർ NSW സ്റ്റേറ്റ് സെക്രട്ടറി പ്രശാന്ത് മാത്യു യോഗത്തിന് സ്വാഗതം ആശംസിച്ചു. വരാനിരിക്കുന്ന ഓണാഘോഷത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും സജീവ പങ്കാളിത്തവും അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. യോഗത്തിൽ ഐഒസി കേരള ചാപ്റ്റർ നാഷണൽ വൈസ് പ്രസിഡന്റ് ആന്റണി ഉൾപ്പെടെ വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു. ഐഒസി കേരള ചാപ്റ്റർ NSW ട്രഷറർ സുജിൻ വർഗീസ് ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി. വൈവിധ്യമാർന്ന കലാപരിപാടികളും സാംസ്കാരിക ഘോഷയാത്രകളും ഉൾപ്പെടുന്ന ഈ പ്രോഗ്രാം ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുക.

