മാരകമായ എച്ച് 5എൻ1 വൈറസ് ബാധ; തീരങ്ങളിൽ പക്ഷികൾ ചത്തൊടുങ്ങുന്നു ഓസ്‌ട്രേലിയയിൽ വൻ ആശങ്ക,

പെർത്ത്: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പക്ഷികളുടെയും സസ്തനികളുടെയും ജീവനെടുത്ത മാരകമായ എച്ച്5എൻ1 പക്ഷിപ്പനി വൈറസ് ഒടുവിൽ ഓസ്‌ട്രേലിയയിലുമെത്തി. ഇതുവരെ ഈ വൈറസ് ബാധിക്കാത്ത ഏക ഭൂഖണ്ഡമായിരുന്നു ഓസ്‌ട്രേലിയ. പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്കൻ തീരങ്ങളിൽ നിന്നും രോഗബാധിതരായി കണ്ടെത്തിയ ബ്രൗൺ സ്കുവ, ജയന്റ് പെട്രൽ എന്നീ രണ്ട് കടൽ പക്ഷികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ഈ രണ്ട് പക്ഷികളും ചത്തു.

സാധാരണയായി ശീതകാലത്ത് ഓസ്‌ട്രേലിയൻ തീരക്കടലിൽ കാണപ്പെടുന്ന ഈ പക്ഷികൾ കരയിലേക്ക് വരാൻ മടിക്കുന്നവയാണ്. എന്നാൽ ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള ബീച്ചുകളിൽ ഇവയെ രോഗബാധിതരായി കണ്ടെത്തിയതാണ് വിദഗ്ധരിൽ സംശയമുണർത്തിയത്. ഇതിന് പിന്നാലെ കഴിഞ്ഞ വാരാന്ത്യത്തിൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ മാത്രം രോഗബാധിതരായതും ചത്തതുമായ അറുപതോളം പക്ഷികളെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതോടെ രാജ്യം കടുത്ത ജാഗ്രതയിലാണ്.

ഉത്തരാർദ്ധഗോളത്തിൽ നിന്നും ദേശാടനപ്പക്ഷികൾ വഴിയായിരിക്കും വൈറസ് രാജ്യത്തിന്റെ വടക്കൻ തീരത്ത് ആദ്യം എത്തുക എന്നാണ് ശാസ്ത്രജ്ഞർ കരുതിയിരുന്നത്. എന്നാൽ അന്റാർട്ടിക്കയിലെ ശീതകാലം ഒഴിവാക്കാൻ വടക്കോട്ട് സഞ്ചരിക്കുന്ന പക്ഷികളിലൂടെയാണ് ഇപ്പോൾ വൈറസ് എത്തിയിരിക്കുന്നത്. നിലവിൽ രോഗം മറ്റ് പക്ഷികളിലേക്ക് പടർന്നതായി ലക്ഷണങ്ങളില്ലെന്ന് ഓസ്‌ട്രേലിയയുടെ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബെത്ത് കുക്‌സൺ അറിയിച്ചു. എങ്കിലും വന്യജീവികൾക്കും കന്നുകാലി വ്യവസായത്തിനും ഇത് വലിയ നാശമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *