സിഡ്നി: ഇന്ധനവില വർദ്ധനവ് ഉൾപ്പെടെയുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് ആശ്വാസവുമായി ഓസ്‌ട്രേലിയയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയ്‌ൽസ് . ചൊവ്വാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള വൻ പ്രഖ്യാപനങ്ങൾ ഉള്ളത്. ഇതിന്റെ ഭാഗമായി വാഹന രജിസ്ട്രേഷൻ നിരക്കുകൾ കുറയ്ക്കാനും ടോൾ നിരക്കുകളിൽ ഇളവ് നൽകാനും പൊതുഗതാഗത നിരക്കുകൾ അടുത്ത 12 മാസത്തേക്ക് വർദ്ധിപ്പിക്കാതെ മരവിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.
സംസ്ഥാനത്തെ 44 ലക്ഷത്തോളം വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിൽ 100 ഡോളറിന്റെ കുറവാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ടൊയോട്ട കൊറോള പോലുള്ള സാധാരണ കാറുകളുടെ രജിസ്ട്രേഷൻ നിരക്ക് 475 ഡോളറിൽ നിന്നും 375 ഡോളറായി കുറയും. കൂടാതെ മോട്ടോർ സൈക്കിളുകളുടെ രജിസ്ട്രേഷൻ നിരക്കിൽ 80 ഡോളറിന്റെ കുറവും വരുത്തിയിട്ടുണ്ട്. അടുത്ത വർഷം മാർച്ചിൽ നടക്കാനി രിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രതിരോധ പാക്കേജിന്റെ ഭാഗമായി ടോൾ നിരക്കുകൾ ആഴ്ചയിൽ പരമാവധി 50 ഡോളറായി നിജപ്പെടുത്തുകയും ടോൾ അഡ്മിനിസ്ട്രേഷൻ ഫീസുകൾ പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തു.
പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന പ്രതിദിനം നാല് ലക്ഷത്തിലധികം യാത്രക്കാർക്ക് അടുത്ത ഒരു വർഷത്തേക്ക് പഴയ നിരക്കിൽ തന്നെ യാത്ര ചെയ്യാം. ഇതിനൊക്കെ പുറമെ സംസ്ഥാനത്തെ പെട്രോൾ പമ്പുകളിലെ ഇന്ധനവില കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്ന ‘ഫ്യുവൽ ചെക്ക്’ ആപ്പ് കൂടുതൽ മെച്ചപ്പെടുത്താൻ 26 ലക്ഷം ഡോളർ ചിലവഴിക്കുമെന്നും ന്യൂ സൗത്ത് വെയ്‌ൽസ് ട്രഷറർ ഡാനിയൽ മൂഖി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

