തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രതീക്ഷകളും പുരോഗമനപരമായ ആശയങ്ങളും വിദ്യാർത്ഥികളുമായി പങ്കുവെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. തിരുവനന്തപുരം നിയമസഭാ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് മന്ത്രി വിദ്യാർത്ഥികളുമായി നേരിട്ട് സംവദിച്ചത്. തിരുവല്ല ചോയ്സ് സ്കൂളിലെ വിദ്യാർത്ഥികളാണ് മന്ത്രിയുമായുള്ള ഈ ആശയവിനിമയ പരിപാടിയിൽ പങ്കെടുത്തത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പുതിയ തൊഴിൽ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾ തങ്ങളുടെ കാഴ്ചപ്പാടുകൾ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മന്ത്രി റോജി എം. ജോൺ കൃത്യമായ മറുപടി നൽകി. വരുംതലമുറയുടെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന ഇത്തരം നിർദ്ദേശങ്ങളും ആശയങ്ങളും ഭാവിയിലെ വിദ്യാഭ്യാസ നയരൂപീകരണത്തിന് ഏറെ സഹായകരമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭ സന്ദർശിക്കാനും ഉന്നത ഉദ്യോഗസ്ഥരുമായി സംവദിക്കാനും കഴിഞ്ഞത് തങ്ങൾക്ക് പുത്തൻ അനുഭവവും വലിയ പ്രചോദനവുമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ചോയ്സ് സ്കൂളിലെ വിദ്യാർത്ഥികൾ പ്രതികരിച്ചു.

