തിരുവനന്തപുരം: ഇന്ത്യൻ കായികരംഗത്തിന് ദൈവത്തിന്റെ സ്വന്തം നാടായ കേരളം നൽകിയ സംഭാവനകൾ ഐതിഹാസികമാണെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ. ജപ്പാനിൽ നടക്കാനിരിക്കുന്ന 2026 ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക പ്രമോഷൻ പരിപാടിയായ ‘ഏഷ്യൻ ഗെയിംസ് ഫൺ റണ്ണിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക കാര്യങ്ങളിൽ കേരളത്തിൽ ദൃശ്യമാകുന്ന ഊർജ്ജവും ഉത്സാഹവും പൊതുജന പങ്കാളിത്തവും ഏറെ പ്രചോദനമേകുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന് ഒട്ടനവധി പ്രതിഭകളെ സമ്മാനിച്ച കായിക പാരമ്പര്യമാണ് കേരളത്തിനുള്ളതെന്ന് കേന്ദ്രമന്ത്രി അനുസ്മരിച്ചു. ഒളിമ്പ്യന്മാരും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളും ഉൾപ്പെടെയുള്ള മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ കേരളം വഹിച്ച പങ്ക് ചെറുതല്ല. കായിക സംസ്കാരം ജനങ്ങളിൽ വളർത്തിയെടുക്കുന്നതിൽ സംസ്ഥാനം എപ്പോഴും മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യൻ ഗെയിംസിന് മുന്നോടിയായി കായികാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ഫൺ റൺ’ സംഘടിപ്പിച്ചത്. പ്രമുഖ കായികതാരങ്ങളും ജനപ്രതിനിധികളും വിദ്യാർത്ഥികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ദൃശ്യമായത്. വരും തലമുറയിലെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.

