കോടികളുടെ വസ്‌തുക്കച്ചവടം; നികുതിവെട്ടിപ്പ് വിവാദത്തിൽ പ്രധാനമന്ത്രി

മെൽബൺ: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് നടത്തിയ വസ്തുക്കച്ചവടങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ നികുതി ഇളവ് ലഭിച്ചതായി പുതിയ വിശകലന റിപ്പോർട്ട്. മുൻ നികുതി വ്യവസ്ഥ നിലനിന്നിരുന്നെങ്കിൽ അടയ്‌ക്കേണ്ടി വരുമായിരുന്ന തുകയേക്കാൾ ഏകദേശം രണ്ടുലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 1.1 കോടിയിലധികം ഇന്ത്യൻ രൂപ) കുറവ് നികുതി മാത്രമാണ് പുതിയ നിയമപ്രകാരം അദ്ദേഹം ഒടുക്കിയതെന്നാണ് കണ്ടെത്തൽ.

ലഭ്യമായ പൊതുരേഖകൾ പ്രകാരം, ആൽബനീസ് മുൻപ് മൊത്തം 2.45 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന് വാങ്ങിയ മൂന്ന് വസ്തുക്കൾ പിന്നീട് 4.76 മില്യൺ ഡോളറിനാണ് വിറ്റഴിച്ചത്. ഈ വസ്‌തുക്കൾ വിൽക്കുന്ന സമയത്ത് നിലവിലുണ്ടായിരുന്ന പ്രത്യേക നികുതി നിയമങ്ങളാണ് അദ്ദേഹത്തിന് ഇത്രയും വലിയ തുകയുടെ ലാഭമുണ്ടാക്കിക്കൊടുത്തത്.

അതേസമയം, തന്റെ സ്വത്തുവിവരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, താൻ ഭരിക്കാൻ ജനിച്ചവനല്ലെന്നും കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതെന്നും അദ്ദേഹം മുൻപ് പ്രതികരിച്ചിരുന്നു. കച്ചവടത്തിലെ ഈ വൻ നികുതി വ്യത്യാസം ഇപ്പോൾ രാജ്യത്ത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *