കാരക്കാസ്: വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പ പരമ്പരയിൽ 32 പേർ മരണപ്പെടുകയും എഴുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലും പരിസര പ്രദേശങ്ങളിലുമായി റിച്ചർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വെനസ്വേലൻ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. ഭൂകമ്പം കടുത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശങ്ങളിൽ നിലവിൽ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.
വെനസ്വേലയിലുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖം രേഖപ്പെടുത്തി. ഈ പ്രയാസകരമായ സമയത്ത് ഇന്ത്യ ദുരന്ത ബാധിതർക്കൊപ്പം നിലകൊള്ളുന്നുവെന്നും വെനസ്വേലയ്ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം, ജപ്പാന്റെ വടക്കൻ മേഖലയിലും ഇന്ന് ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

