തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തെ പുതിയ കാറ്റഗറിയായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ മദ്യ കമ്പനിയായ ബക്കാർഡി 2021-ൽ അയച്ച കത്ത് പുറത്തായി. അന്നത്തെ എക്സൈസ് വകുപ്പ് മന്ത്രിയും നിലവിലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദന് കമ്പനി അയച്ച കത്താണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ ഇത്തരം വീര്യം കുറഞ്ഞ മദ്യത്തിന് വലിയ തോതിൽ ഉപഭോക്താക്കളുണ്ടെന്ന കാര്യം പരിഗണിക്കണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കുകയാണെങ്കിൽ സർക്കാരിന്റെ സാമ്പത്തിക വരുമാനത്തിൽ വർദ്ധനവുണ്ടാകുമെന്ന് ബക്കാർഡിയുടെ കേരളത്തിലെ സീനിയർ മാനേജർ ജോജി ജെ. കക്കാട്ടിലിന്റെ പേരിൽ നൽകിയ ഈ കത്തിൽ പരാമർശിക്കുന്നുണ്ട്. നിലവിൽ ബിയറിനും വൈനിനും നൽകുന്നതു പോലുള്ള നികുതി ഇളവുകൾ ബക്കാർഡി പ്ലസ്, ബ്രീസർ എന്നിവയ്ക്കും നൽകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. കേരളത്തിൽ ഇത്തരം മദ്യങ്ങൾ ലഭ്യമാകാത്തതു കൊണ്ട് സ്ത്രീകൾ ഗോവയിലേക്കും പോണ്ടിച്ചേരിയിലേക്കും പോകുന്നു എന്ന വിചിത്ര വാദവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാൻ ബക്കാർഡി കമ്പനി വർഷങ്ങളായി സ്വാധീന ചെലുത്താൻ ശ്രമിക്കുന്നു എന്നതിന് തെളിവാണ് ഇപ്പോൾ പുറത്തുവന്ന കത്ത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലത്ത് അപേക്ഷകൾ ലഭിച്ചിരുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, മദ്യത്തിന് നികുതി ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്കകത്തു നിന്നും പുറത്തു നിന്നും മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, ഉയർന്നുവന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി യു-ടേൺ അടിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. നികുതി കുറച്ചുകൊണ്ടുള്ള തീരുമാനം വരാനിരിക്കുന്ന ധനബില്ലിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

