വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കൽ ധനബില്ലിൽ ഉൾപ്പെടുത്താനുറച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ധനബിൽ ജൂലൈ ഒന്നിന് നിയമസഭയിൽ

തിരുവനന്തപുരം: കനത്ത രാഷ്ട്രീയ എതിർപ്പുകൾ നിലനിൽക്കുമ്പോഴും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചുകൊണ്ടുള്ള തീരുമാനം ധനബില്ലിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറച്ച നീക്കങ്ങളുമായി മുന്നോട്ട്. ജൂലൈ ഒന്നിനാണ് ധനബിൽ നിയമസഭ പാസാക്കുന്നത്. ബില്ല് അവതരിപ്പിക്കുന്നതിന് മുൻപായി മുന്നണിയിലും പാർട്ടിയിലും ഉയർന്നുവന്ന ഭിന്നതകൾ പരിഹരിച്ച് സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത്. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗും, മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉൾപ്പെടെയുള്ളവരും തങ്ങളുടെ ശക്തമായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ നിർണായക നീക്കം.

ബജറ്റ് നിയമസഭ പാസാക്കിയാലും അതിലെ അധിക നികുതി നിർദേശങ്ങൾ നിയമപരമായി പ്രാബല്യത്തിൽ വരണമെങ്കിൽ ധനബിൽ കൂടി പാസാക്കേണ്ടതുണ്ട്. ധനബിൽ പാസാകുന്നതോടെ മാത്രമേ പുതുക്കിയ നികുതി വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പിലാക്കാനാകൂ. സാധാരണ നിലയിൽ ബജറ്റ് പാസാക്കുമ്പോൾ ധനബിൽ പാസാക്കുന്നതിനൊപ്പം തന്നെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് കൂടി വിടാറുണ്ട്. എന്നാൽ ഇത്തവണ പുതുക്കിയ ബജറ്റ് ആയതിനാൽ ധനബിൽ മാത്രമേ പാസാക്കുന്നുള്ളൂ. സബ്ജക്ട് കമ്മിറ്റിക്ക് വിടേണ്ടതില്ലെന്ന പ്രത്യേക ഭേദഗതി ഇന്നലെ നിയമസഭ അംഗീകരിച്ചിരുന്നു. ഇതിനാൽ ധനബിൽ പാസാകുന്നതോടെ നികുതി പരിഷ്കാരങ്ങൾ നേരിട്ട് പ്രാബല്യത്തിൽ വരും.

ജൂലൈ ഒന്നിന് ധനബില്ല് അവതരിപ്പിക്കുമ്പോൾ അതിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി രണ്ട് സ്ലാബുകളിലായി യഥാക്രമം 120 ശതമാനമായും 175 ശതമാനമായും കുറച്ചുകൊണ്ടുള്ള സുപ്രധാന തീരുമാനവും ഉൾപ്പെടും. നിയമസഭ ധനബിൽ അംഗീകരിച്ച ശേഷം ഒരു എക്സിക്യൂട്ടീവ് ഓർഡർ കൂടി പുറപ്പെടുവിക്കുന്നതോടെ ഈ നികുതിയിളവ് പൂർണ്ണമായും നടപ്പിലാകും. മുന്നണിയുടേയും പാർട്ടിയുടേയും തീരുമാനമേ അന്തിമമായി നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി പരസ്യമായി പറയുന്നുണ്ടെങ്കിലും, ഈ വിഷയത്തിൽ യാതൊരു കാരണവശാലും യൂടേൺ അടിക്കാൻ അദ്ദേഹം താല്പര്യപ്പെടുന്നില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *