ന്യൂഡൽഹി: പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് കേവലം ഒരു യാത്രാരേഖ മാത്രമാണെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. പാസ്പോർട്ട് സേവാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിച്ചത്. വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഒരു വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ് പാസ്‌പോർട്ട്. അതുകൊണ്ട് തന്നെ പൗരത്വത്തിനുള്ള അന്തിമ തെളിവായി ഇതിനെ കണക്കാക്കാൻ കഴിയില്ല. പാസ്‌പോർട്ടിൽ വ്യക്തമാക്കിയത് പോലെ ഈ രേഖ പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും, സർക്കാർ ആവശ്യപ്പെടുന്ന പക്ഷം ഇത് തിരികെ നൽകാൻ ഉടമസ്ഥൻ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ പൗരത്വത്തിന്റെ തെളിവായി ഇനി ഏത് രേഖയാണ് ഉപയോഗിക്കേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ കപിൽ സിബൽ ചോദിച്ചു. ഇന്നത്തെ ഇന്ത്യയിൽ പൗരത്വത്തിന്റെ ഏക തെളിവ് ഹിന്ദുവും ബിജെപി വോട്ടറുമായിരിക്കുക എന്നത് മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും പരിഹസിച്ചു.
അതേസമയം, വിദേശകാര്യ മന്ത്രാലയം പുതിയൊരു നയമല്ല പ്രഖ്യാപിച്ചതെന്നും, നിലവിലുള്ള നിയമപരമായ വശം ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും ബിജെപി പ്രതികരിച്ചു. പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന് കോടതി തന്നെ മുൻപ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ബിജെപി വക്താക്കൾ ചൂണ്ടിക്കാട്ടി.

