വാണിജ്യ എൽ.പി.ജി വിതരണത്തിനുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; സംസ്ഥാനങ്ങൾക്ക് കത്തയച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വാണിജ്യ എൽ.പി.ജി വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കി. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റേതാണ് ഈ സുപ്രധാന തീരുമാനം. ഇതുസംബന്ധിച്ച് പെട്രോളിയം മന്ത്രാലയം സെക്രട്ടറി നീരജ് മിത്തൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ഔദ്യോഗികമായി കത്തയച്ചു.

ഇതോടെ രാജ്യത്തെ വാണിജ്യ എൽ.പി.ജി വിതരണം പ്രതിസന്ധിക്ക് മുൻപുള്ള സാധാരണ നിലവാരത്തിലേക്ക് പുനഃസ്ഥാപിക്കപ്പെടും. പ്രതിസന്ധി ഘട്ടത്തിന് മുൻപുണ്ടായിരുന്ന ഉപഭോഗത്തിന്റെ 50 ശതമാനം വരെയുള്ള ബൽക്ക് എൽ.പി.ജി വിതരണം ഉടൻ തന്നെ പുനഃസ്ഥാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ദീർഘകാല പരിഹാരമെന്ന നിലയിൽ വാണിജ്യ സ്ഥാപനങ്ങൾ പി.എൻ.ജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) സംവിധാനത്തിലേക്ക് മാറുന്നത് പരിഗണിക്കണമെന്ന മുൻ നിർദ്ദേശം കേന്ദ്ര സർക്കാർ കത്തിൽ ആവർത്തിച്ചിട്ടുണ്ട്.

സംഘർഷാവസ്ഥയ്ക്ക് അയവു വന്നതിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കങ്ങൾ പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാൻ സാധിച്ചതാണ് രാജ്യത്തെ എൽ.പി.ജി പ്രതിസന്ധി ഒഴിഞ്ഞുമാറാൻ കാരണമായത്. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ നിയന്ത്രണം വന്നതോടെ ഹോട്ടൽ ഭക്ഷണ വില ഉൾപ്പെടെ വർദ്ധിച്ചത് സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ, സിലിണ്ടറുകളുടെ വിലവർദ്ധനവ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പുതിയ നിർദ്ദേശങ്ങളൊന്നും കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ചേരുന്ന പെട്രോളിയം വിതരണ കമ്പനികളുടെ യോഗത്തിലായിരിക്കും വില കുറയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *