പെഷവാർ: പാകിസ്ഥാനിൽ ഭർത്താവ് ഒരു പതിറ്റാണ്ടിലേറെക്കാലം വീട്ടുതടങ്കലിലാക്കി ക്രൂരമായ ഗാർഹിക പീഡനങ്ങൾക്ക് ഇരയാക്കിയ ഫ്രഞ്ച് വനിതയെയും അഞ്ച് മക്കളെയും പോലീസ് രക്ഷപെടുത്തി. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ബാര എന്ന പ്രദേശത്തെ മൺകട്ടകൾ കൊണ്ടുണ്ടാക്കിയ തകർന്നുവീഴാറായ ഒരു വീട്ടിൽ നിന്നാണ് അമ്പത്തിനാലുകാരിയായ സിൽവി യാസ്മിനയെയും മക്കളെയും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വർഷങ്ങളായി ഇവർ അനുഭവിച്ചുപോന്ന ക്രൂരതകളിൽ നിന്ന് രക്ഷപെടാൻ യാസ്മിനയുടെ ആൺമക്കളിൽ ഒരാൾ വീടുവിട്ടിറങ്ങി പ്രാദേശിക പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചതോടെയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറംലോകമറിഞ്ഞത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരെ സുരക്ഷിതമായി വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
ക്രൂരമായ സ്വഭാവത്തിനുടമയായ ഭർത്താവ് തങ്ങളെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് യാസ്മിന ആദ്യഘട്ട മൊഴിയിൽ വ്യക്തമാക്കി. കണ്ടെത്തുമ്പോൾ ഇവരുടെ മുഖത്തും ശരീരത്തിലും പരിക്കേറ്റതിന്റെ പാടുകളുണ്ടായിരുന്നു. 2014-ൽ പാകിസ്ഥാനിലേക്ക് മാറിയത് മുതൽ തനിക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, മക്കളെ ആരെയും സ്കൂളിൽ അയക്കാൻ പോലും ഭർത്താവ് സമ്മതിച്ചിരുന്നില്ലെന്നും യാസ്മിന പോലീസിനോട് പറഞ്ഞു.
തങ്ങളെ രക്ഷപെടുത്തിയതിന് പോലീസിന് നന്ദി അറിയിച്ച യാസ്മിന, എത്രയും വേഗം ഫ്രാൻസിലേക്ക് മടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരെ തിരികെ നാട്ടിലെത്തിക്കുന്നതിനായി ഫ്രഞ്ച് എംബസിയുമായി ബന്ധപ്പെട്ടു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി വഖാർ അഹമ്മദ് അറിയിച്ചു. അതേസമയം, പാകിസ്ഥാനിൽ ഗാർഹിക പീഡനങ്ങൾ വലിയൊരു സാമൂഹിക പ്രശ്നമായി തുടരുകയാണെന്നും ഈ സംഭവം അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും മനുഷ്യാവകാശ സംഘടനയായ ഔറത്ത് ഫൗണ്ടേഷൻ പ്രതികരിച്ചു.

