മിച്ചഭൂമി തട്ടിയെടുക്കാൻ വിമുക്തഭടൻ ചമഞ്ഞ് രാഷ്ട്രപതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; മൂവാറ്റുപുഴയിൽ പോലീസിനും കളക്ടർക്കും പരാതി

മൂവാറ്റുപുഴ: മിച്ചഭൂമി തട്ടിയെടുക്കുന്നതിനായി വിമുക്തഭടൻ ചമഞ്ഞ് രാഷ്ട്രപതി ഭവനെയും സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ പോലീസിലും ജില്ലാ കളക്ടർക്കും പരാതി. മൂവാറ്റുപുഴ താലൂക്കിലെ ആനിക്കാട് ഇട്ടിയേക്കാട് മലയിൽ മൂന്ന് ഏക്കറോളം വരുന്ന ഭൂമി കൈക്കലാക്കാൻ പാറമട ലോബികളും ഭൂമാഫിയകളും നടത്തിയ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജിയാണ് മൂവാറ്റുപുഴ ഡി.വൈ.എസ്.പിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയത്. വാഴപ്പിള്ളി ഭാഗത്ത് മരപ്പണി ചെയ്യുന്ന വ്യക്തിയെയാണ് ഇതിനായി വിമുക്ത ഭടനായി ചിത്രീകരിച്ചത്.

2023 ജൂൺ 14-നാണ് സംഭവത്തിന് ആസ്പദമായ അപേക്ഷ സമർപ്പിക്കപ്പെടുന്നത്. കുന്നത്തുനാട് താലൂക്കിലെ വേങ്ങൂർ സ്വദേശിയായ സുബ്രഹ്മണ്യൻ എന്നയാൾ താൻ വിമുക്തഭടനാണ് എന്ന് അവകാശപ്പെട്ട് രാഷ്ട്രപതിക്ക് അപേക്ഷ നൽകുകയായിരുന്നു. വീടും സ്ഥലവുമില്ലാത്ത പാവപ്പെട്ടവർക്ക് വീടുവെയ്ക്കാൻ അനുവദിക്കപ്പെട്ട പദ്ധതിയിൽ ഉൾപ്പെട്ട ഇട്ടിയേക്കാട്ട് മലയിലെ മിച്ചഭൂമി തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ, പ്രദേശത്തെ പാറമട ലോബികളുമായി ചേർന്ന് ഇയാൾ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിൽ പറയു ന്നത്. വിമുക്തഭടനായ തനിക്ക് കൃഷിക്കും ഉപജീവനത്തിനുമായി ഈ സ്ഥലം അനുവദിക്കണമെന്നാ യിരുന്നു രാഷ്ട്രപതിയോടുള്ള അപേക്ഷയിലെ ആവശ്യം.

രാഷ്ട്രപതി ഭവനിൽ നിന്നും തുടർനടപടികൾക്കായി ഈ അപേക്ഷ സംസ്ഥാന റവന്യൂ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും അയച്ചുനൽകി. എന്നാൽ, വിമുക്തഭടനാണ് എന്ന് തെളിയിക്കാനുള്ള യാതൊരു രേഖകളോ ഫോൺ നമ്പറോ അധികാരികൾ ആവശ്യപ്പെട്ടിട്ടും നൽകാൻ അപേക്ഷകൻ തയ്യാറാകാതിരുന്നത് റവന്യൂ ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കി. തുടർന്ന് റവന്യൂ അധികൃതർ നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാഷ്ട്രപതി ഭവനെയടക്കം തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നടത്തിയ വ്യാജ അപേക്ഷയാണിതെന്ന് ബോധ്യപ്പെട്ടത്.

വിവരവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലെ രേഖകളിൽ നിന്നും, ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഒരു ക്രിമിനൽ സംഘം തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായി വ്യക്തമാണെന്ന് എം.ജെ. ഷാജി പറഞ്ഞു. പാറമടകളുടെ പേരിൽ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന സംഘത്തിനെതിരെയും, വിമുക്തഭടനായി ചമഞ്ഞ വ്യക്തിക്കെതിരെയും സമഗ്രമായ പോലീസ് അന്വേഷണം നടത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *