സാവോ പോളോ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന ജീവനക്കാർക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയ വിദേശ വനിതയെ ബ്രസീൽ ഫെഡറൽ പോലീസ് അറസ്റ്റ് ചെയ്തു. സാവോ പോളോയിലെ ഗ്വാറൂൾഹോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്പാനിഷ് സ്വദേശിനിയായ വനിത പിടിയിലായത്. വടക്കുകിഴക്കൻ നഗരമായ സാവോ ലൂയിസിൽ നിന്നുമെത്തിയ ലാറ്റം എയർലൈൻസ് വിമാനത്തിലെ ജീവനക്കാർക്ക് നേരെയായിരുന്നു ഇവരുടെ അധിക്ഷേപം. വിമാനത്തിലെ ലഗേജുകൾ ഇറക്കുന്ന തൊഴിലാളികളെ ലക്ഷ്യമിട്ട് ഇവർ വംശീയ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് വിമാന ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിമാനത്തിൽ നിന്നിറങ്ങിയ ഉടൻ തന്നെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം ജീവനക്കാർക്ക് നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായി എയർലൈൻ കമ്പനി അറിയിച്ചു.
ലാറ്റിൻ അമേരിക്കയിൽ വംശീയതയ്‌ക്കെതിരെ ഏറ്റവും കർശനമായ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. ഇവിടെ വംശീയമായി ഒരാളെ അധിക്ഷേപിച്ചാൽ രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാം. അടുത്ത കാലത്തായി വിദേശ വിനോദസഞ്ചാരികൾ വംശീയ അധിക്ഷേപക്കേസുകളിൽ ബ്രസീലിൽ അറസ്റ്റിലാകുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞ ജനുവരിയിൽ റിയോയിലെ ഒരു നൈറ്റ് ക്ലബ്ബിൽ വെയിറ്റർക്ക് നേരെ കുരങ്ങിന്റെ ആംഗ്യം കാണിച്ച അർജന്റീന സ്വദേശിനിയായ അഗോസ്റ്റിന പായേസ് എന്ന യുവതി അറസ്റ്റിലായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. പിന്നീട് ഏപ്രിൽ മാസത്തിൽ ഇവർ അർജന്റീനയിലേക്ക് മടങ്ങിയെങ്കിലും ഇവർക്കെതിരെയുള്ള നിയമനടപടികൾ ഇപ്പോഴും തുടരുകയാണ്. മറ്റൊരു സംഭവത്തിൽ, മെയ് മാസത്തിൽ മിനാസ് ഗെറൈസിൽ വെച്ച് ഒരു കുട്ടിയുടെ ചിത്രം അനുവാദമില്ലാതെ പകർത്തി വംശീയ സന്ദേശങ്ങളോടെ പ്രചരിപ്പിച്ച എഡ്വേർഡോ ഇഗ്നാസിയോ മുരിയാസ് എന്ന അർജന്റീനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ പ്രീ-ട്രയൽ തടങ്കലിലാണ്. കൂടാതെ, ഇതേ മാസം തന്നെ ഗ്വാറൂൾഹോസിൽ നിന്നും ഫ്രാങ്ക്ഫർട്ടിലേക്ക് പോയ വിമാനത്തിൽ വെച്ച് ജീവനക്കാർക്ക് നേരെ വംശീയ-ഹോമോഫോബിക് അധിക്ഷേപങ്ങൾ നടത്തുകയും വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത ചിലി സ്വദേശിയെയും ബ്രസീൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

