ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിലും സമീപ പ്രദേശങ്ങളായ നോയിഡ, ഗുരുഗ്രാം ഉൾപ്പെടെയുള്ള എൻ.സി.ആർ മേഖലകളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഡൽഹിക്ക് പുറമെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അയൽരാജ്യമായ പാകിസ്ഥാനിലും കനത്ത ഭൂകമ്പമാണ് രേഖപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖല കേന്ദ്രീകരിച്ച് ശനിയാഴ്ച വൈകിട്ടോടെയുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് ഡൽഹിയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും അനുഭവപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹിമാചൽ പ്രദേശിലും ശക്തമായ ഭൂമി കുലുക്കം അനുഭവപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി മാറി. ആളപായമോ മറ്റ് വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം; പ്രകമ്പനം ഹിമാചലിലും

