കാൻബറ: ഓസ്ട്രേലിയൻ സർക്കാരിന്റെ പുതിയ ഭവന നികുതി പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ കടുത്ത ആശയക്കുഴപ്പവും പ്രതിഷേധവും നിലനിൽക്കുന്നുവെന്ന മാധ്യമ വിമർശനങ്ങൾ പൂർണ്ണമായും തള്ളി പ്രധാനമന്ത്രി ആന്റണി അൽബാനീസ്.
പ്രോപ്പർട്ടി നിക്ഷേപങ്ങളിലെ നെഗറ്റീവ് ഗിയറിംഗ് , ക്യാപിറ്റൽ ഗെയിൻസ് ടാക്സ് എന്നിവയിലാണ് ലേബർ പാർട്ടി സർക്കാർ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. ഓസ്ട്രേലിയയിലെ യുവാക്കൾക്ക് സ്വന്തമായി വീട് വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കുക എന്നതാണ് ഈ പരിഷ്കരണത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിലവിൽ പ്രോപ്പർട്ടികൾ കൈവശമുള്ളവരുടെ നികുതി ക്രമീകരണങ്ങളെ ഈ പുതിയ മാറ്റങ്ങൾ യാതൊരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ നിലവിലെ ഭവന വിപണി സംവിധാനം പരാജയമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ, രാഷ്ട്രീയമായി ചില തിരിച്ചടികൾ നേരിടേണ്ടി വന്നാലും അത് തിരുത്തുക എന്നത് പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്ന് അൽബാനീസ് പറഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങൾ കൈകാര്യം ചെയ്ത രീതി കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന ചോദ്യങ്ങളോട് പ്രതികരിക്കവെ, ഓസ്ട്രേലിയൻ ട്രഷറർ ജിം ചാൽമേഴ്സിനെ അദ്ദേഹം ശക്തമായി പ്രതിരോധിക്കുകയും അദ്ദേഹം മികച്ച രീതിയിലാണ് തന്റെ ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.

