ന്യൂഡൽഹി: ശക്തമായ ഭൂകമ്പം കടുത്ത നാശം വിതച്ച തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയ്ക്ക് അടിയന്തര സഹായവുമായി ഇന്ത്യ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ പ്രത്യേക ദൗത്യമായ ‘ഓപ്പറേഷൻ അമിസ്താഡിന്റെ’ ഭാഗമായി ആദ്യഘട്ട സഹായ സാമഗ്രികൾ വെനസ്വേലയിലെത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലാണ് അടിയന്തര സഹായങ്ങൾ ദുരന്തഭൂമിയിലേക്ക് എത്തിച്ചത്.
ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര സഹായം വെനസ്വേലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ കരുത്ത് പകരുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ വ്യക്തമാക്കി. ഇന്ത്യൻ ആർമിയുടെ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും മെഡിക്കൽ സംഘവും അടങ്ങുന്നതാണ് സഹായ ദൗത്യം. ഇതിനുപുറമെ, അത്യാധുനികമായ രണ്ട് ‘ഭീഷ്മ ക്യൂബ്’ മൊബൈൽ ആശുപത്രികളും വെനസ്വേലയിലേക്ക് അയച്ചിട്ടുണ്ട്.
9 മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെയുള്ള 41 അംഗ ഇന്ത്യൻ കരസേനയുടെ പ്രത്യേക രക്ഷാസംഘമാണ് വെനസ്വേലയിൽ എത്തിയത്. അടിയന്തര ആരോഗ്യ പരിചരണം, ട്രോമ മാനേജ്മെന്റ്, ജീവൻരക്ഷാ ശസ്ത്രക്രിയകൾ എന്നിവയ്ക്കുള്ള ആധുനിക സജ്ജീകരണങ്ങൾ ഈ സംഘത്തിനുണ്ട്. ഒപ്പം ആറ് ടൺ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെ ആകെ 35 ടണ്ണിലധികം വരുന്ന ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ കൈമാറി. ദുരന്തബാധിത മേഖലകളിൽ വെനസ്വേലൻ അധികൃതരുമായി ചേർന്ന് തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, അടിയന്തര ചികിത്സ എന്നിവയിൽ ഇന്ത്യൻ സംഘം പങ്കാളികളാകും. ദുഷ്കരമായ ഈ സാഹചര്യത്തിൽ വെനസ്വേലയിലെ ജനങ്ങൾക്കും സർക്കാരിനുമൊപ്പം ഇന്ത്യ തോളോട് തോൾ ചേർന്ന് നിൽക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

