തീരങ്ങളിൽ കനത്ത ജാഗ്രത; വർഷം മുഴുവൻ സ്രാവുകളെ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം

സിഡ്നി: വിനോദസഞ്ചാരികളുടെയും നീന്തൽക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ന്യൂ സൗത്ത് വെയ്ൽസ് തീരങ്ങളിൽ വർഷത്തിൽ 365 ദിവസവും സ്രാവുകളെ നിരീക്ഷിക്കാൻ അത്യാധുനിക ഡ്രോൺ സംവിധാനം ഏർപ്പെടുത്തുന്നു. സിഡ്നിയിലെ പ്രശസ്തമായ കൂജി ബീച്ചിൽ യുവതിക്ക് നേരെ സ്രാവിന്റെ കടുത്ത ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഞായറാഴ്ച സർക്കാർ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഡ്രോൺ നിരീക്ഷണ പദ്ധതി വിപുലീകരിക്കുന്നതിനായി 34 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 188 കോടി രൂപ) അധികമായി അനുവദിച്ചതായി സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ 13-നാണ് മുപ്പത്തിയഞ്ചുകാരിയായ ലിയ സ്റ്റുവർട്ട് എന്ന അധ്യാപികയ്ക്ക് ബീച്ചിൽ വെച്ച് സ്രാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ഇവരുടെ ഒരു കൈ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. ഈ ദരുന്തത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമനിരീക്ഷണം ശക്തമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്. ജൂലൈ 1 ബുധനാഴ്ച മുതൽ പുതിയ വർഷം മുഴുവൻ നീളുന്ന ഡ്രോൺ നിരീക്ഷണ സംവിധാനം പ്രാബല്യത്തിൽ വരും.

പുതിയ പദ്ധതി പ്രകാരം ന്യൂ സൗത്ത് വെയ്ൽസ് തീരത്തെ 70 ബീച്ചുകളിൽ വർഷം മുഴുവൻ ഡ്രോൺ നിരീക്ഷണം ഉണ്ടാകും. സിഡ്നിയിലെ മാത്രം ഡ്രോൺ കവറേജ് 26 ബീച്ചുകളിൽ നിന്നും 38 ബീച്ചുകളായി ഉയർത്തും. പാം ബീച്ച് മുതൽ ക്രോണുള്ള വരെയുള്ള തീരങ്ങൾ ഇതിൽ ഉൾപ്പെടും. ആളുകൾ കൂടുതൽ എത്തുന്ന ബീച്ചുകൾക്ക് ‘സർഫ് ലൈഫ് സേവിങ് എൻ.എസ്.ഡബ്ല്യു’ പ്രത്യേക മുൻഗണന നൽകും. ഡ്രോൺ സാങ്കേതികവിദ്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുമെന്ന് ന്യൂ സൗത്ത് വെയ്ൽസ് പ്രീമിയർ ക്രിസ് മിൻസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *