പീരുമേട്: കൊക്കയിലേക്ക് ചാടിയ യുവാവിനെ മണിക്കൂറുകൾ നീണ്ട തീവ്രശ്രമത്തിനൊടുവിൽ പീരുമേട് അഗ്നിരക്ഷാസേനയും പെരുവന്താനം പോലീസും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപെടുത്തി. കോട്ടയം കല്ലറ സ്വദേശി മനു (35) ആണ് അത്ഭുതകരമായി രക്ഷപെട്ടത്. കൊട്ടാരക്കര – ദിണ്ഡിഗൽ ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപമുള്ള ആഴമേറിയ കൊക്കയിലേക്കാണ് യുവാവ് ചാടിയത്. കൊക്കയിലെ വള്ളിച്ചെടികളിലും കാട്ടിലും കുടുങ്ങിക്കിടന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.
ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന മനുവിനെ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ നിന്നും തുടർചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോകുകയായിരുന്നു. യാത്രയ്ക്കിടെ പുല്ലുപാറയ്ക്ക് സമീപം എത്തിയപ്പോൾ കാർ നിർത്താൻ മനു ആവശ്യപ്പെടുകയായിരുന്നു. വണ്ടി നിർത്തി പുറത്തിറങ്ങിയ ഉടൻ തന്നെ ഇയാൾ റോഡരികിലെ ആഴമേറിയ കൊക്കയിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
യുവാവ് കൊക്കയിലേക്ക് ചാടിയ ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. തുടർന്ന് പീരുമേട്ടിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും പെരുവന്താനം പോലീസും നാട്ടുകാരും ചേർന്ന് ഏറെ ദുഷ്കരമായ സാഹചര്യത്തിലാണ് കൊക്കയിലിറങ്ങി തിരച്ചിൽ നടത്തിയത്. പ്രദേശത്തെ കടുത്ത ഇരുട്ടും കനത്ത മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചു.
പ്രതികൂല സാഹചര്യങ്ങളെല്ലാം വകവെക്കാതെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിനെ വള്ളിച്ചെടികൾക്കിടയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അതിസാഹസികമായാണ് ഇയാളെ മുകളിൽ എത്തിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ പരിക്കേറ്റ മനുവിനെ ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

