സിഡ്‌നി: ആന്തണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ സർക്കാർ നടപ്പാക്കിയ പുതിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സമൂഹമാധ്യമ ഇൻഫ്ലുവൻസർ ബെക് ഓൺലി. സാമ്പത്തിക, വ്യാപാര വിഷയങ്ങളിൽ വിഡിയോകൾ പങ്കുവെച്ച് ശ്രദ്ധേയയായ ബെക്, ഓസ്ട്രേലിയയിൽ ജീവിക്കുന്നത് ഇനി താങ്ങാനാകില്ലെന്നും രാജ്യം വിട്ട് തായ്‌ലൻഡിലേക്ക് സ്ഥിരതാമസമാക്കാൻ തീരുമാനിച്ചുവെന്നും പ്രഖ്യാപിച്ചു. ടിക്‌ടോക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് അവർ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
പുതിയ നികുതി നയങ്ങൾ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കിയെന്നും, ലോകത്ത് സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായി ഓസ്ട്രേലിയ മാറിയെന്നും ബെക് ആരോപിച്ചു. ജനങ്ങളെ സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഓരോ ഘട്ടത്തിലും സാധാരണക്കാരെ സർക്കാർ ചൂഷണം ചെയ്യുകയാണെന്നും അവർ പറഞ്ഞു. വർധിച്ചുവരുന്ന വീട്ടുവാടകയും ദൈനംദിന ജീവിതച്ചെലവുകളും കാരണം കുടുംബങ്ങൾ വലിയ സാമ്പത്തിക, മാനസിക പ്രതിസന്ധിയിലാണ്. ഓസ്ട്രേലിയൻ പൗരന്മാർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ഈ സാഹചര്യത്തിൽ രാജ്യം വിടുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ബെക് വ്യക്തമാക്കി.
അതേസമയം, വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ഭിന്നാഭിപ്രായമാണ് ഉയർന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ബെക് ഓൺലിയുടെ വിമർശനങ്ങളെ ഒരു വിഭാഗം പിന്തുണച്ചപ്പോൾ, ലോകത്തിലെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. ലണ്ടൻ പോലുള്ള നഗരങ്ങളിൽ നിന്ന് നിരവധി പേർ ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുമ്പോൾ രാജ്യം വിടുന്നത് ശരിയല്ലെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. സൗജന്യ ആരോഗ്യപരിരക്ഷ അടക്കമുള്ള സൗകര്യങ്ങൾ ഓസ്ട്രേലിയയിലുണ്ടെന്നും, എവിടെ പോയാലും ജീവിതം അത്ര എളുപ്പമായിരിക്കില്ലെന്നും മറുവിഭാഗം കമന്റ് ചെയ്തു.

