മെൽബൺ: സംഗീത സന്ധ്യകളും താളമേളങ്ങളും ഒത്തുചേർന്ന ദൃശ്യ-ശ്രാവ്യ വിരുന്നായി മെൽബൺ സൗത്ത് ഈസ്റ്റിലെ സെയിന്റ് തോമസ് സിറോ മലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ‘റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ട്’. ജൂലൈ 27-ന് പാകെൻഹാം ഹിൽ ക്രെസ്റ്റ് കോളേജിൽ നടന്ന പരിപാടിയിൽ, പരമ്പരാഗത തനിമയും ആധുനിക താളബോധവും സമന്വയിപ്പിച്ചുകൊണ്ട് ‘സാന്തോം ഡ്രംസ്’ അവതരിപ്പിച്ച ചെണ്ടമേളം കാണികൾക്ക് നവ്യാനുഭവമായി.
പ്രശസ്ത ഗായിക റിമി ടോമി നയിച്ച സംഗീത സന്ധ്യയിൽ, വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ താളമഹോത്സവം നൂറുകണക്കിന് ആളുകളുടെ കയ്യടിയും പ്രശംസയും ഏറ്റുവാങ്ങി. ഇടവകാംഗമായ ജൊവാൻ പോള ഗ്ലാഡ്വിൻ എന്ന പന്ത്രണ്ടു വയസ്സുകാരി വയലിനിൽ വായിച്ച ‘മാങ്കുയിലേ പൂങ്കുയിലേ…’ എന്ന ഗാനത്തിന് അകമ്പടിയായി പത്തൊൻപത് കലാകാരന്മാർ ചേർന്നൊരുക്കിയ ചെണ്ടമേളം വിസ്മയമായി.
കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകളുടെ ഇലത്താള സംഗീതവും കോർത്തിണക്കിയപ്പോൾ ചെണ്ടയിൽ നിന്ന് ഉയർന്നത് ഒരേ മനസ്സോടെയുള്ള അത്ഭുത താളമായിരുന്നു. കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കങ്കാരു നാട്ടിലും ഇത്രത്തോളം ഊർജ്ജസ്വലതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞത് ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്റെ കൃത്യമായ പരിശീലനവും അംഗങ്ങളുടെ കഠിനാധ്വാനവും മൂലമാണ്.
സെയിന്റ് തോമസ് സീറോ-മലബാർ ഇടവക വികാരി റവ. ഫാ. ഡോ. സിബി പുളിക്കൽ, അസിസ്റ്റന്റ് വികാരി റെവ. ഫാ. സജി ഞവരക്കാട്ട് എന്നിവരുടെ രക്ഷാധികാരിത്വത്തിലാണ് പരിപാടി നടന്നത്. സാന്തോം കൾച്ചറൽ സെന്ററിന്റെയും സാന്തോം ഡ്രംസ് ട്രൂപ്പ് കോർഡിനേറ്റർമാരുടെയും സഹകരണം മേളത്തിന് കൂടുതൽ കരുത്തുപകർന്നു.

