വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ പ്രധാന ആന്തരിക അവയവങ്ങൾ ഇല്ലെന്ന് ആരോപണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഡൽഹി: വെനസ്വേലയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയും ഇന്ത്യൻ നാവികനുമായ രാകേഷ് ചൗഹാന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ (MEA) സമീപിച്ചു.

വെനസ്വേലിൽ നിന്ന് ഇന്ത്യയിലെത്തിച്ച മൃതദേഹത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മസ്തിഷ്കം, ഹൃദയം, ശ്വാസകോശങ്ങൾ, കരൾ ഉൾപ്പെടെയുള്ള പ്രധാന ആന്തരിക അവയവങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതായി കുടുംബം ആരോപിക്കുന്നത്. ഇതുമൂലം മരണകാരണം ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ സാധിച്ചില്ലെന്നും കുടുംബം പറയുന്നു.

രാകേഷ് ചൗഹാൻ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നായിരുന്നു വെനസ്വേലൻ അധികൃതരുടെ പ്രാഥമിക വിശദീകരണം. എന്നാൽ മൃതദേഹത്തിന്റെ അവസ്ഥ ദുരൂഹത വർധിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്ന കുടുംബം, മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കേന്ദ്ര സർക്കാർ ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും വെനസ്വേലൻ അധികൃതരിൽ നിന്ന് വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ടു.

സംഭവത്തിൽ ഇന്ത്യൻ നാവികരുടെ സംഘടനകളും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ വെനസ്വേലൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *