പാകിസ്ഥാനിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് വീണു; 14 കുട്ടികൾ മരിച്ചു

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ 14 കുട്ടികൾ മരിച്ചു. എട്ടോളം പേർക്ക് പരിക്കേറ്റതായും ഇവർ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

അപകടസമയത്ത് ട്യൂഷൻ സെന്ററിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകൾനിലയിൽ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയായിരുന്നു മേൽക്കൂര തകർന്ന് വീണതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

സംഭവത്തിൽ ട്യൂഷൻ സെന്റർ ഉടമയെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിടത്തിന്റെ സുരക്ഷാ വീഴ്ചയും അശ്രദ്ധയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *