മിസ് യൂണിവേഴ്സ് 2025 ജേതാവായ ഫാത്തിമ ബോഷ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ദുരിതാവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ ശബ്ദമുയർത്തി. എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനും സ്വന്തം ഭാവി തിരഞ്ഞെടുക്കാനുള്ള അവകാശത്തിനും അർഹതയുണ്ടെന്ന് അവർ പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രപരമ്പരയിലൂടെ സ്വന്തം ജീവിതവും അഫ്ഗാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിത സാഹചര്യങ്ങളും ഫാത്തിമ ബോഷ് താരതമ്യം ചെയ്തു. അഭയാർഥി ക്യാമ്പുകളിലും കർശന നിയന്ത്രണങ്ങൾക്കിടയിലും കഴിയുന്ന അഫ്ഗാൻ സ്ത്രീകൾക്ക് സ്വപ്നങ്ങളും കഴിവുകളും ഉണ്ടെങ്കിലും അവർക്ക് ശബ്ദമുയർത്താൻ പോലും അവസരമില്ലെന്നായിരുന്നു അവരുടെ കുറിപ്പ്.
2021ൽ താലിബാൻ അധികാരത്തിലെത്തിയശേഷം അഫ്ഗാൻ സ്ത്രീകൾക്ക് വിദ്യാഭ്യാസം, തൊഴിൽ, പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം, സ്വതന്ത്ര സഞ്ചാരം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളിൽ വ്യാപക നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് അഫ്ഗാൻ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമ ബോഷ് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിച്ചത്.

