ക്രിസ്ത്യൻ ബ്രദേഴ്‌സിന്റെ ആസ്തി കൈമാറ്റത്തിൽ ദുരൂഹത; ഇരകൾക്കുള്ള നഷ്ടപരിഹാരം പ്രതിസന്ധിയിൽ

സിഡ്‌നി: ലൈംഗികാതിക്രമക്കേസുകളിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ പണമില്ലെന്ന് അവകാശപ്പെടുന്ന കത്തോലിക്കാ സഭയുടെ കീഴിലുള്ള ‘ക്രിസ്ത്യൻ ബ്രദേഴ്‌സ്’ വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ സ്വത്തുക്കൾ മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറിയതിൽ വൻ ദുരൂഹതയുണ്ടെന്ന് ഫെഡറൽ സർക്കാർ അഭിഭാഷകർ. തങ്ങൾ പാപ്പരായെന്നും നഷ്ടപരിഹാരം നൽകാൻ നിവൃത്തിയില്ലെന്നും കാണിച്ച് കോടതിയെ സമീപിച്ച ക്രിസ്ത്യൻ ബ്രദേഴ്‌സിനെതിരെ,ഇരകളുടെ പരാതികളിൽ താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ് സർക്കാർ അഭിഭാഷകർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

ലൈംഗികാതിക്രമക്കേസുകളിൽ ഇരകളായവർക്ക് ഏകദേശം 774 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാനുണ്ടെന്നാണ് ക്രിസ്ത്യൻ ബ്രദേഴ്‌സിന്റെ കണക്ക്. എന്നാൽ 216 ദശലക്ഷം ഡോളർ വിലമതിക്കുന്ന 36 സ്വത്തുക്കൾ മാത്രമേ തങ്ങളുടെ കൈവശമുള്ളൂ എന്നാണ് ഇവരുടെ വാദം. ബാക്കിയുള്ള സ്വത്തുക്കൾ വിറ്റ് തുക കടക്കാർക്കും ഇരകൾക്കും വീതിച്ചു നൽകാൻ പ്രത്യേക പദ്ധതിയും ഇവർ ആവിഷ്കരിച്ചിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ ദശകത്തിൽ ക്രിസ്ത്യൻ ബ്രദേഴ്‌സ് തങ്ങളുടെ സ്വത്തുക്കളായ ഭൂമിയും സ്കൂൾ കെട്ടിടങ്ങളും വീടുകളും ‘എഡ്മണ്ട് റൈസ് എജ്യുക്കേഷൻ ഓസ്‌ട്രേലിയ’ എന്ന മറ്റൊരു സ്ഥാപനത്തിന് വെറും ഒരു ഡോളറിന് കൈമാറിയതായി ഗാർഡിയൻ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. സിഡ്‌നിയിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വീടുകൾ പോലും ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 2024 അവസാനം ഈ സ്വത്തുക്കൾക്ക് 891 ദശലക്ഷം ഡോളർ മൂല്യമുണ്ടായിരുന്നെങ്കിൽ, നിലവിൽ ഇതിന്റെ മൂല്യം 2 ബില്യൺ ഡോളറോളം വരും.

ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ, ഫെഡറൽ സർക്കാരിന് വേണ്ടി ഹാജരായ സെറ മിർസബേഗിയൻ, ഈ ‘ചരിത്രപരമായ ആസ്തി കൈമാറ്റങ്ങളെ’ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകേണ്ട സമയത്ത് സ്വത്തുക്കൾ ഇല്ലാതാക്കുന്ന തരത്തിൽ ഇത്തരം ഇടപാടുകൾ നടന്നത് അത്യന്തം ഗൗരവകരവും അലോസരപ്പെടുത്തുന്നതുമാണെന്ന് അവർ കോടതിയെ അറിയിച്ചു. ക്രിസ്ത്യൻ ബ്രദേഴ്‌സ് കോടതിയിൽ സമർപ്പിച്ച തെളിവുകളിൽ സ്വത്തുക്കളുടെ മൂല്യത്തെക്കുറിച്ച് വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ക്രിസ്ത്യൻ ബ്രദേഴ്‌സ് വാദിക്കുന്നുണ്ടെങ്കിലും, ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ ഇത്തരം സ്വത്ത് കൈമാറ്റങ്ങൾ വലിയ തടസ്സമാകുമെന്ന ആശങ്ക ശക്തമാണ്. ഇരകൾക്ക് നൽകാനുള്ള തുക കണ്ടെത്തുന്നതിനായി കൈമാറ്റം ചെയ്യപ്പെട്ട ആസ്തികൾ വീണ്ടെടുക്കുന്നതിനെക്കുറിച്ചും വരും ദിവസങ്ങളിൽ കോടതി പരിശോധിച്ചേക്കും

Leave a Reply

Your email address will not be published. Required fields are marked *