പ്രവാസ മണ്ണിൽ അറിവിന്റെ പെരുമഴ; ഓസ്‌ട്രേലിയയിലെ ‘കേരളനാട് വായനശാല’യിലേക്ക് തൃശ്ശൂരിൽ നിന്ന് 1500 പുസ്തകങ്ങൾ

തൃശ്ശൂർ: പ്രവാസ മണ്ണിൽ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വേരുകൾ പടർത്തുന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയയിൽ പ്രവർത്തിക്കുന്ന ‘കേരളനാട് വായനശാല’യിലേക്ക് തൃശ്ശൂരിൽ നിന്ന് 1500-ൽ അധികം പുസ്തകങ്ങൾ സമർപ്പിച്ചു. ‘സാഹിതി ഓവർസീസ് പുസ്തക സമർപ്പണം’ എന്ന പേരിൽ തൃശ്ശൂർ ലിറ്റററി ഫോറത്തിന്റെയും ചേരൂർ സാഹിതി സാംസ്കാരിക കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ബൃഹത്തായ പുസ്തകശേഖരണം നടത്തിയത്. ജൂലൈ 2 വ്യാഴാഴ്ച ചേരൂർ സാഹിതി സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പുസ്തകങ്ങൾ വായനശാലയ്ക്കായി ഔദ്യോഗികമായി കൈമാറി.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള ഓറഞ്ച് (Orange) നഗരത്തിൽ പ്രവർത്തിക്കുന്ന ഈ വായനശാല, പ്രവാസിയായ എഴുത്തുകാരനും സാഹിത്യ പുരസ്‌കാര ജേതാവും സഞ്ചാരിയുമായ സിജു ജേക്കബിന്റെ സ്വപ്ന സാക്ഷാത്കാരമാണ്. അന്യനാട്ടിൽ ജോലിത്തിരക്കുകൾക്കിടയിലും മലയാളികളെ മാതൃഭാഷയിലേക്കും വായനയിലേക്കും അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ സംരംഭത്തിന് തുടക്കമിട്ടത്. കഴിഞ്ഞ ജൂൺ 19 വായനാദിനത്തിൽ പ്രശസ്ത കഥാകൃത്ത് വൈശാഖനാണ് വായനശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.

സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കാതെ സ്വന്തം വീടിനെ ലൈബ്രറിയാക്കി മാറ്റിയാണ് സിജു ജേക്കബ് ഈ സേവനം സാധ്യമാക്കുന്നത്. നാട്ടിൽ നിന്ന് സമാഹരിക്കുന്ന പുസ്തകങ്ങൾ വലിയ തുക മുടക്കി കാർഗോ വഴി ഓസ്‌ട്രേലിയയിൽ എത്തിക്കുന്നതും അദ്ദേഹം തന്നെയാണ്. വായനക്കാർക്ക് പൂർണ്ണമായും സൗജന്യമായാണ് ഇവിടെ പുസ്തകങ്ങൾ ലഭ്യമാക്കുന്നത്. പുതിയ തലമുറയ്ക്ക് മലയാള സാഹിത്യത്തെ പരിചയപ്പെടുത്തുന്നതിൽ വായനശാല വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സിജു ജേക്കബ് പറഞ്ഞു.

ഭാവിയിൽ കേവലം ഒരു ലൈബ്രറി എന്നതിലുപരി, വിപുലമായ സാംസ്കാരിക പ്രവർത്തനങ്ങൾക്കും അന്താരാഷ്ട്ര ലിറ്ററേച്ചർ ഫെസ്റ്റിവലുകൾക്കും വായനശാല വേദിയാകുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി തൃശ്ശൂർ ലിറ്റററി ഫോറവും ചേരൂർ സാഹിതി സാംസ്കാരിക കേന്ദ്രവും വായനശാലയുമായി ചേർന്ന് പ്രവർത്തിക്കും.

എസ്.കെ. വസന്തൻ, രാവുണ്ണി മാഷ്, ഡോ. സരസ്വതി ബാലകൃഷ്ണൻ, എം.ഡി. രാജേന്ദ്രൻ, നഫീസത്ത് ബീബി, അനിൽകുമാർ കോലായി, അച്യുതപ്രസാദ് മാഷ്, കെ. രഘുനാഥൻ, ജയരാജ് വാര്യർ, കരീം പന്നിത്തടം, കെ. ഉണ്ണികൃഷ്ണൻ, മോഹൻദാസ് പാറപ്പുറത്ത്, ഡോ. കെ.സി. പ്രകാശൻ, മഞ്ജു എൻ.കെ., അപർണ്ണ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ സമാഹരിച്ചത്. ഈ ഉദ്യമത്തിന് പിന്തുണ നൽകിയ എല്ലാവർക്കും കേരളനാട് വായനശാല പ്രതിനിധികൾ നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 0414067986 (കേരളനാട് വായനശാല, ഓറഞ്ച്, ന്യൂ സൗത്ത് വെയിൽസ്).

…………………………………………………………………………

Click on the image below to watch the video

Leave a Reply

Your email address will not be published. Required fields are marked *