തിരുവനന്തപുരം: കേരള തീരത്ത് വീണ്ടും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. കോഴിക്കോട് ജില്ലയിലെ ചോമ്പാല ഫിഷറീസ് ഹാർബർ മുതൽ രാമനാട്ടുകര വരെയും, കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂമാഹി വരെയും, കാസർഗോഡ് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമുള്ള തീരപ്രദേശങ്ങളിൽ ഞായറാഴ്ച രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഉയർന്ന തിരമാലയും കള്ളക്കടൽ പ്രതിഭാസവും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും അപകടകരമാണെന്നും തിരമാല ശക്തമായ സമയങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും, മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും തീരശോഷണ സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

