ഭുവനേശ്വർ: കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ ഒഡീഷയിലെ ചിൽക്ക തടാകത്തിലും ജലഗതാഗത സംവിധാനം നടപ്പാക്കുന്നതിനുള്ള സാധ്യതാ പഠനം പുരോഗമിക്കുന്നു. രാജ്യത്തെ വിവിധ ജലാശയങ്ങളിലും നദീമേഖലകളിലും കൊച്ചി മാതൃക നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ചിൽക്കയെ പരിഗണിച്ചിരിക്കുന്നത്.
ചിൽക്ക തടാകത്തിനൊപ്പം കട്ടക്കിലെ മഹാനദി നദീതീര മേഖലയിലും വാട്ടർ മെട്രോ പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തുന്നുണ്ട്. സിൽവർ സിറ്റി ബോട്ട് ക്ലബ്, ബാരാബതി മേഖല, ധബലേശ്വർ ക്ഷേത്രം, ഒഡീഷ മറൈൻ മ്യൂസിയം എന്നിവ ഉൾപ്പെടുന്ന ജലപാതകളെ അടിസ്ഥാനമാക്കിയുള്ള പഠനമാണ് നടക്കുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പഠനം മുന്നോട്ട് പോകുന്നത്.
പരിസ്ഥിതി സൗഹൃദവും കുറഞ്ഞ കാർബൺ പുറന്തള്ളലുമുള്ള പൊതുഗതാഗത സംവിധാനമെന്ന നിലയിൽ കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്ന് അധികൃതർ വിലയിരുത്തുന്നു. അതിന്റെ വിജയത്തെ തുടർന്നാണ് ചിൽക്ക ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ സമാന പദ്ധതികൾ നടപ്പാക്കാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ പരിശോധിക്കുന്നത്.

