പെരുമ്പാവൂർ: സംസ്ഥാനത്തെ ലഹരി ശൃംഖലയെ അടിയോടെ തകർക്കാനായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയിലൂടെ മാഫിയകളെ പൂർണ്ണമായി തുടച്ചുനീക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തടിയുടെയും പ്ലൈവുഡിന്റെയും ഈറ്റില്ലമായ പെരുമ്പാവൂരിനെ ലഹരി കേന്ദ്രമെന്ന കുപ്രസിദ്ധിയിൽ നിന്ന് മോചിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ഇതിനായി പോലീസും ജനങ്ങളും കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ അതിഥി തൊഴിലാളികളെ മറയാക്കി വൻതോതിലുള്ള ലഹരി ബിസിനസ്സാണ് മാഫിയകൾ നടത്തുന്നത്. എന്നാൽ ഇതിന് പിന്നിൽ തദ്ദേശീയരായ ചില മലയാളികളുടെയും ക്രിമിനലുകളുടെയും സഹായമുണ്ടെന്നത് ഗൗരവതരമായ വസ്തുതയാണ്. ലഹരി മാഫിയയിൽ പങ്കാളികളാകുന്ന ഓരോരുത്തരുടെയും പിന്നാലെ പോലീസ് ഉണ്ട്. പദ്ധതി ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ലഹരി മാഫിയയ്ക്കെതിരെ ഇത്രയും വലിയൊരു പോരാട്ടം നടന്നിട്ടില്ല. നിലവിൽ പോലീസ് നടപടികൾ ഭയന്ന് താൽക്കാലികമായി ഒളിച്ചിരിക്കുന്ന ലഹരി സംഘങ്ങൾ ഈ പണി നിർത്തിയില്ലെങ്കിൽ അവരുടെ കൈകളിൽ വിലങ്ങുവീഴുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് മന്ത്രി താക്കീത് നൽകി.
ലഹരി വ്യാപനം തടയുന്നതിനൊപ്പം തന്നെ ഇതിന് അടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ‘തൂഫാൻ കെയർ’ എന്ന പേരിൽ വിപുലമായ ചികിത്സാ ദൗത്യവും കേരള പോലീസ് ഏറ്റെടുത്തിട്ടുണ്ട്. ഇതിനായി സംസ്ഥാനത്തെ പ്രമുഖങ്ങളായ ആശുപത്രികളുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും, ഈ ദൗത്യത്തിൽ ആദ്യമായി പങ്കാളിയായ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സേവനം അഭിനന്ദനാർഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ ലഹരിക്കടത്ത് തടയാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡി.ജി.പി മാരുടെ സംയുക്ത യോഗം കേരളത്തിൽ ചേരും. അതിർത്തികൾ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനയും ഇന്റലിജൻസ് വിവരങ്ങൾ കൈമാറലും ഈ യോഗത്തിൽ തീരുമാനിക്കും. ലഹരി ശൃംഖലയെ അടിയോടെ തകർക്കാതെ കേരള പോലീസ് ഈ പോരാട്ടത്തിൽ നിന്ന് പിന്തിരിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
കോരിച്ചൊരിയുന്ന കനത്ത മഴയെപ്പോലും അവഗണിച്ച് വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് ആളുകളാണ് പെരുമ്പാവൂരിൽ നടന്ന റാലിയിലും ബോധവൽക്കരണ പരിപാടിയിലും പങ്കെടുത്തത്. ജനങ്ങളുടെ ഈ വൻ പങ്കാളിത്തം ഓപ്പറേഷൻ തൂഫാൻ എത്രമാത്രം അനിവാര്യമാണെന്ന ബോധ്യം അവർക്കുണ്ടെന്നതിന്റെ തെളിവാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സംവാദ പരിപാടിയിൽ മനോജ് മൂത്തേടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൽ എം.പി വിശിഷ്ടാതിഥിയായിരുന്നു. പെരുമ്പാവൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കെ.എൻ. സംഗീത, വി.പി. സജീന്ദ്രൻ എം.എൽ.എ, എൽദോസ് കുന്നപ്പിള്ളി, ഡി.ജി.പി റവാഡ ചന്ദ്രശേഖർ, തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ, ആലുവ റൂറൽ എസ്.പി സുദർശൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

