പ്രതിപക്ഷ ഉപനേതൃസ്ഥാനം: സിപിഐ–സിപിഎം ഭിന്നത രൂക്ഷം; പിണറായിക്കെതിരെ സിപിഐ

കാസർകോട്: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐയും സിപിഎമ്മും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായി. വിഷയം അവസാനിച്ചതാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനെതിരെ സിപിഐ പരസ്യമായി രംഗത്തെത്തി.

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ വ്യക്തമാക്കി. ഇത്തരമൊരു തീരുമാനം ഏകപക്ഷീയമായി എടുക്കാനാവില്ലെന്നും, പിണറായി വിജയന്റെ പ്രതികരണം സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐയുടെ അഭിപ്രായങ്ങൾ നേരത്തെ പരിഗണിച്ചിരുന്നെങ്കിൽ ഇടതുപക്ഷം ഇന്നത്തെ സാഹചര്യത്തിൽ എത്തുമായിരുന്നില്ലെന്നും സുനീർ വിമർശിച്ചു. സംസ്ഥാനത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വിവാദങ്ങൾ ഉണ്ടായിട്ടും എൽഡിഎഫ് യോഗം ചേരാത്തത് മുന്നണിക്കുള്ളിലെ ആശയക്കുഴപ്പം വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഇനി അടഞ്ഞ അധ്യായമാണെന്നാണ് പിണറായി വിജയന്റെ നിലപാട്. എന്നാൽ, ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കെ. രാജൻ ഉൾപ്പെടെയുള്ള സിപിഐ നേതാക്കൾ. ഭരണഘടനയിലോ നിയമസഭാ ചട്ടങ്ങളിലോ പ്രതിപക്ഷ ഉപനേതാവ് എന്ന പദവി ഇല്ലെങ്കിലും കേരള നിയമസഭയിൽ പ്രതിപക്ഷത്തെ രണ്ടാമത്തെ നേതാവിനെ അങ്ങനെ വിശേഷിപ്പിക്കുന്ന പതിവുണ്ട്. പദവിക്കുവേണ്ടിയല്ല, പ്രതിപക്ഷത്തിലെ ഉചിതമായ പ്രാതിനിധ്യത്തിനുവേണ്ടിയാണ് ആവശ്യമെന്നാണ് സിപിഐയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *