സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ മാറ്റം; മുട്ടയ്ക്ക് പകരം സസ്യാഹാര വിഭവങ്ങൾ, ബംഗാളിൽ വിവാദം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ മെനുവിൽ മാറ്റം. ഭക്ഷണ വിതരണം ഇസ്കോണിനെ (ISKCON) ഏൽപ്പിച്ചതിനെ തുടർന്നാണ് ആഴ്ചയിൽ ഒരിക്കൽ നൽകിയിരുന്ന മുട്ടയ്ക്ക് പകരം പനീർ, രാജ്മ, സോയ ഉൾപ്പെടെയുള്ള സസ്യാഹാര വിഭവങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

കുട്ടികളുടെ പോഷകാഹാരത്തിന് മുട്ട പ്രധാന പ്രോട്ടീൻ സ്രോതസാണെന്നും അത് ഒഴിവാക്കുന്നത് ഉചിതമല്ലെന്നുമാണ് പ്രതിപക്ഷ പാർട്ടികളും പോഷകാഹാര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം, സസ്യാഹാര വിഭവങ്ങളിലൂടെ ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കാൻ കഴിയുമെന്ന് ഇസ്കോൺ വ്യക്തമാക്കിയിട്ടുണ്ട്.

വിവാദം ശക്തമായ സാഹചര്യത്തിൽ, സ്കൂളുകൾക്ക് അധിക ധനസഹായം നൽകി ആവശ്യാനുസരണം മുട്ട വാങ്ങി വിതരണം ചെയ്യാൻ അനുവദിക്കുന്ന ഒഡിഷ മാതൃക പരിഗണിക്കുന്നതായി സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പിന്നീട് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *