മൂവാറ്റുപുഴ: കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ പെരുവംമുഴിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. തൊടുപുഴ മടക്കത്താനം സ്വദേശി രാഹുൽ എസ് (20) ആണ് മരിച്ചത്. വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് രാഹുൽ. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയൻ ജോസഫ് (21) നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന കാറിനെ ഓവർടേക്ക് ചെയ്ത് കയറാൻ ശ്രമിക്കുന്നതിനിടെ കാറിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു. സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ രാഹുലിന്റെ തലയിലൂടെ എതിരേവന്ന ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാഹുൽ ഉടൻ തന്നെ മരണപ്പെട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു.

