സെൻസസ് 2027: വിവരശേഖരണ പ്രക്രിയ രണ്ടു ഘട്ടങ്ങളിലായി നടക്കും, അറിയാം വിശദവിവരങ്ങള്‍

തിരുവനന്തപുരം: രാജ്യത്ത് നടക്കാനിരിക്കുന്ന 2027-ലെ സെൻസസ് വിവരശേഖരണ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. സെൻസസ് ഓഫീസറുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പൊതുജനങ്ങൾ നിയമപരമായി ബാധ്യസ്ഥരാണ്. വിവരശേഖരണത്തിന്റെ ഭാഗമായി സെൻസസ് ഉദ്യോഗസ്ഥർക്ക് വീടുകളിൽ വരാനും കെട്ടിടങ്ങളിൽ നമ്പറുകളും അടയാളങ്ങളും പതിപ്പിക്കാനും നിയമപരമായ അധികാരമുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും നൽകുന്ന സെൻസസ് ഷെഡ്യൂൾ ഫോമുകൾ ഉടമസ്ഥർ കൃത്യമായി പൂരിപ്പിച്ചു ഒപ്പിട്ട് നൽകേണ്ടതാണ്.

അതേസമയം, ഔദ്യോഗിക സെൻസസ് രേഖകൾ പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടായിരിക്കില്ല. സെൻസസ് നിയമപ്രകാരമുള്ള കേസുകളിലല്ലാതെ മറ്റ് സിവിൽ/ക്രിമിനൽ കോടതി നടപടികളിൽ ഈ വിവരങ്ങൾ തെളിവായി സ്വീകരിക്കുകയുമില്ല. സെൻസസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുക, മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകുക, ഉദ്യോഗസ്ഥർക്ക് പ്രവേശനം നിഷേധിക്കുക, കെട്ടിടങ്ങളിൽ രേഖപ്പെടുത്തുന്ന സെൻസസ് നമ്പറുകളോ അടയാളങ്ങളോ മായ്ക്കുകയോ കേടുവരുത്തുകയോ ചെയ്യുക, സെൻസസ് ഓഫീസിലേക്ക് അതിക്രമിച്ചു കയറുക എന്നിവ പിഴയീടാക്കാവുന്ന കുറ്റങ്ങളാണ്. ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തുകയോ തടസ്സം നിൽക്കുകയോ ചെയ്യുന്നവർക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടാൽ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് വിവരശേഖരണം നടക്കുന്നത്. ഒന്നാം ഘട്ടത്തിൽ കെട്ടിട നമ്പറുകൾ, തറ, ചുവര്, മേൽക്കൂര എന്നിവയുടെ നിർമ്മാണ വസ്തുക്കൾ, വീടിന്റെ ഉപയോഗവും അവസ്ഥയും, കുടുംബാംഗങ്ങളുടെ എണ്ണം, കുടുംബനാഥന്റെ വിവരങ്ങൾ (പേര്, ലിംഗം, സാമൂഹിക വിഭാഗം), വീടിന്റെ ഉടമസ്ഥാവകാശം, താമസ മുറികളുടെയും വിവാഹിതരായ ദമ്പതികളുടെയും എണ്ണം എന്നിവ ശേഖരിക്കും. ഇതോടൊപ്പം കുടിവെള്ളം, വൈദ്യുതി, ശൗചാലയം, മലിനജല നിർഗമന സംവിധാനം, കുളിമുറി, അടുക്കള, എൽ.പി.ജി/പി.എൻ.ജി കണക്ഷൻ, പാചക ഇന്ധനം എന്നിവയുടെ ലഭ്യതയും പരിശോധിക്കും. റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വാഹനങ്ങൾ (സൈക്കിൾ, ഇരുചക്ര വാഹനങ്ങൾ, കാർ/ജീപ്പ്), പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളും ഈ ഘട്ടത്തിൽ രേഖപ്പെടുത്തും.

2027-ൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ പ്രധാന വ്യക്തിഗത വിവരങ്ങളാണ് ശേഖരിക്കുക. വ്യക്തികളുടെ പേര്, വയസ്സ്, ലിംഗം, ജനനത്തീയതി, വിവാഹനില, മതം, ജാതി, മാതൃഭാഷ, കൈകാര്യം ചെയ്യുന്ന മറ്റ് ഭാഷകൾ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ, ജന്മസ്ഥലം, കുടിയേറ്റ വിവരങ്ങൾ, ശാരീരിക വൈകല്യങ്ങൾ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഈ ഘട്ടത്തിൽ ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *