വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ സോഫ്റ്റ്‌വെയർ എൻജിനീയർ അവിനാഷ് നാർണെയെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ രാജിത സബ്ബിനേനി (27) 2025 ഒക്ടോബറിൽ ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്.
പ്രാഥമിക അന്വേഷണത്തിൽ രാജിതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയോ അപകടമരണമോ ആണെന്ന തരത്തിൽ ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സംഭവസമയത്ത് ഇന്ത്യയിലുണ്ടായിരുന്ന മറ്റൊരു യുവതിയുമായി അവിനാഷ് പ്രണയബന്ധത്തിലായിരുന്നെന്നും കൊലപാതകത്തിന് പിന്നാലെ ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം ആ യുവതിക്ക് അയച്ചതായും അന്വേഷണരേഖകളിൽ പറയുന്നു.
2025 ജൂണിലാണ് അവിനാഷും രാജിതയും വിവാഹിതരായത്. മരണത്തിന് മുമ്പ് ഭർത്താവ് തയ്യാറാക്കിയ പാനീയങ്ങൾക്ക് മരുന്നിന്റെ രുചിയുണ്ടെന്ന് രാജിത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിൽ ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊലക്കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തിയത്. നിലവിൽ അവിനാഷ് പൊലീസ് കസ്റ്റഡിയിലാണ്. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാനിടയുണ്ട്.

