ഒറ്റപ്പെട്ട വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കഴിഞ്ഞ അമ്മയ്ക്ക് പീസ് വാലി തണലൊരുക്കുന്നു; ഇനി പുതിയൊരു ജീവിതം

കോതമംഗലം: ക്യാൻസർ ബാധിച്ച് മറ്റാരുമില്ലാതെ സ്വന്തം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധയായ അമ്മയ്ക്ക് ഇനി പീസ് വാലി (Peace Valley) ചാരിറ്റബിൾ ട്രസ്റ്റിന്റെ തണലിൽ പുതിയൊരു ജീവിതം. വില്ലേജ് മീഡിയ എന്ന സോഷ്യൽ മീഡിയ ചാനലിൽ വന്ന വാർത്തയെ തുടർന്നാണ് കോതമംഗലം പീസ് വാലി അധികൃതർ ഈ അമ്മയെ ഏറ്റെടുക്കാൻ മുന്നോട്ട് വന്നത്.

അഞ്ചു വർഷത്തോളമായി മാരകമായ ക്യാൻസർ രോഗം പിടിപെട്ട് ചോർന്നൊലിക്കുന്ന, കിടക്കാൻ ഒരു പായ പോലുമില്ലാത്ത പൊട്ടിപ്പൊളിഞ്ഞ വീടിനുള്ളിലെ തറയിലാണ് ചെല്ലമ്മ എന്ന ഈ അമ്മ ജീവിച്ചിരുന്നത്. കോവിഡിന്റെ സമയത്ത് ആകെയുണ്ടായിരുന്ന മകൻ മരണപ്പെട്ടതോടെ ഈ അമ്മ പൂർണ്ണമായും ഒറ്റപ്പെടുകയും പട്ടിണിയിലാവുകയുമായിരുന്നു. കറന്റ് ബില്ല് പോലും അടയ്ക്കാൻ കഴിയാത്തതിനാൽ കെഎസ്ഇബി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ചു വർഷമായി ഇവർ പൂർണ്ണമായും ഇരുട്ടിലാണ് കഴിഞ്ഞിരുന്നത്.

നാട്ടുകാരും ആശാ വർക്കറും നൽകുന്ന ഒരു നേരത്തെ ആഹാരം കൊണ്ടാണ് ഇവർ ജീവൻ നിലനിർത്തിപ്പോന്നത്. പിന്നീട് പുതിയ വാർഡ് മെമ്പർ ജോളി വന്നതോടെ സ്വന്തം ചിലവിൽ ഇവർക്ക് സോളാർ ലൈറ്റുകൾ സ്ഥാപിച്ച് നൽകുകയും, മെമ്പറും ആശാ വർക്കറും ചേർന്ന് അമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ഗുരുതരമായ മുറിവുകൾ ദിവസങ്ങളോളം അധ്വാനിച്ച് വൃത്തിയാക്കി നൽകുകയും ചെയ്തു.

ഈ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി അറിഞ്ഞ കോതമംഗലം പീസ് വാലി പ്രവർത്തകർ, തങ്ങളുടെ സ്ഥാപനത്തിൽ നിലവിൽ സ്ഥലപരിമിതികൾ ഉണ്ടെങ്കിൽ പോലും അമ്മയുടെ ദയനീയ അവസ്ഥ കണക്കിലെടുത്ത് അടിയന്തിരമായി ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മഞ്ഞപ്പാറ കാരുണ്യ തണലിന്റെയും പോലീസിന്റെയും വാർഡ് മെമ്പറുടെയും പൂർണ്ണ സഹകരണത്തോടെ ഇവർ സ്ഥലത്തെത്തി അമ്മയെ ഏറ്റെടുത്തു.

അമ്മയുടെ അസുഖം പൂർണ്ണമായി മാറ്റാൻ സാധിക്കുമെന്ന് ഉറപ്പു നൽകാൻ കഴിയില്ലെങ്കിലും, ഇനി ആരുമില്ലെന്ന വിഷമം ഈ അമ്മയ്ക്ക് ഉണ്ടാകില്ലെന്നും തങ്ങൾ സംരക്ഷിക്കുമെന്നും പീസ് വാലി അധികൃതർ വ്യക്തമാക്കി. നിലവിൽ കോതമംഗലം പീസ് വാലിയിൽ മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും രോഗികളുമായ 950-ലധികം അന്തേവാസികൾ താമസിച്ചുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *