കൽപ്പറ്റ: കള്ളാടി തുരങ്കനിർമാണ സ്ഥലത്തുണ്ടായ അപകടത്തിന്റെ പേരിൽ പദ്ധതിക്ക് ലഭിച്ച പാരിസ്ഥിതിക അനുമതി വിവാദത്തിലാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.
തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചത് എല്ലാ നിയമപരമായ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. 2022-ൽ പാരിസ്ഥിതികാഘാത പഠനം നടത്തി. തുടർന്ന് 2023 ഡിസംബറിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ പൊതുജനഹിയറിംഗ് സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന വിദഗ്ധ സമിതികളുടെ പരിശോധനകൾക്കുശേഷമാണ് പദ്ധതിക്ക് അനുമതി ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പാരിസ്ഥിതിക അനുമതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതായും പിന്നീട് സുപ്രീംകോടതിയും ഹൈക്കോടതി വിധി ശരിവെച്ചതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക അനുമതി സമ്മർദം ചെലുത്തി നേടിയതാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനമാണെന്നും അദ്ദേഹം വിമർശിച്ചു.
തുരങ്കപാത വയനാട്ടിലെ ജനങ്ങളുടെ ദീർഘകാല ആവശ്യവും വികസന പ്രതീക്ഷയുമാണെന്നും പദ്ധതിയെക്കുറിച്ചുള്ള വസ്തുതകൾ വളച്ചൊടിക്കാതെ നിർമാണം മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ ജാഗ്രതയും ഇടപെടലും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

