ക്വീന്‍സ് ലാന്‍ഡ് : ചത്ത എലികളെപ്പോലും ഫ്രിഡ്ജിന്റെ മുകളിലേക്ക് വലിച്ചിഴച്ചുകയറ്റാൻ ശേഷിയുള്ള ഓസ്ട്രേലിയയിലെ ‘ഹണ്ട്സ്മാൻ’ ചിലന്തികൾ വീണ്ടും ലോകത്തെ ഞെട്ടിക്കുന്നു. ഭൂമിയിലെ ഏറ്റവും വേഗമേറിയ ചിലന്തിവർഗ്ഗം തങ്ങളാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ എട്ടുകാലികൾ. യുകെയിലെയും ജർമ്മനിയിലെയും ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഹണ്ട്സ്മാൻ കുടുംബത്തിലെ ‘ബ്രൗൺ ഹണ്ട്സ്മാൻ’ (Heteropoda jugulans) ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ആഗോളതലത്തിൽ കണ്ടെത്തിയ 250-ലധികം ചിലന്തിവർഗ്ഗങ്ങളെ നിരീക്ഷിച്ച ശേഷമാണ് ശാസ്ത്രലോകം ഈ നിഗമനത്തിൽ എത്തിയത്.
സെക്കൻഡിൽ 3.59 മീറ്റർ (മണിക്കൂറിൽ 13 കിലോമീറ്റർ) വേഗതയിലാണ് ഈ ബ്രൗൺ ഹണ്ട്സ്മാൻ ചിലന്തികൾ ഓടുന്നത്. നിലവിൽ ലോക റെക്കോർഡുള്ള മൊറോക്കൻ ഫ്ലിക്-ഫ്ലാക് ചിലന്തികളുടെ പരമാവധി വേഗത സെക്കൻഡിൽ 1.7 മീറ്റർ മാത്രമാണ്. ലണ്ടൻ, ജർമ്മനിയിലെ ഗ്രീഫ്സ്വാൾഡ്, വടക്കേ അമേരിക്ക, തെക്കേ യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നായി 162 വ്യത്യസ്ത ചിലന്തിവർഗ്ഗങ്ങളെ ശേഖരിച്ച് അത്യാധുനിക ക്യാമറകളുടെയും പ്രത്യേക റണ്ണിങ് ട്രാക്കുകളുടെയും സഹായത്തോടെയാണ് ശാസ്ത്രജ്ഞർ ഇവയുടെ വേഗത അളന്നത്.
ക്വീൻസ്ലാന്റിലെ യൂണിവേഴ്സിറ്റി ഓഫ് ദി സൺഷൈൻ കോസ്റ്റിലെ പരിണാമ ബയോമെക്കാനിസ്റ്റ് ഡോ. ക്രിസ്റ്റഫർ ക്ലെമന്റിന്റെ നേതൃത്വത്തിൽ 2021-ൽ നടന്ന പഠനങ്ങളും ഈ ഗവേഷണത്തിന് അടിത്തറയായി. തന്റെ വീടിന്റെ പിൻമുറ്റത്ത് നിന്ന് വളരെ എളുപ്പത്തിൽ പിടികൂടിയ ചിലന്തികളിലാണ് അദ്ദേഹം പഠനം നടത്തിയത്. പേശികളുടെ കരുത്ത് മാത്രമല്ല, അവയവങ്ങൾ പിന്നിലേക്ക് വലിക്കാൻ പേശികളും മുന്നോട്ട് കുതിക്കാൻ ശരീരത്തിലെ ദ്രാവക മർദ്ദവും (ഹൈഡ്രോളിക് പ്രഷർ) ഒരേസമയം ഉപയോഗിക്കുന്ന സങ്കീർണ്ണമായ രീതിയാണ് ചിലന്തികളുടെ അതിവേഗ സഞ്ചാരത്തിന് പിന്നിലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളിലും തെക്കുകിഴക്കൻ ക്വീൻസ്ലാന്റിലെ വീടുകളിലും സാധാരണയായി കാണപ്പെടുന്ന ബ്രൗൺ ഹണ്ട്സ്മാൻ ചിലന്തികൾക്ക് ഒരു മനുഷ്യന്റെ കൈപ്പത്തിയോളമാണ് വലിപ്പം. ഇവയ്ക്ക് വിഷമുണ്ടെങ്കിലും മനുഷ്യരെ കടിക്കുന്നത് വളരെ അപൂർവ്വമാണ്; കടിച്ചാൽ തന്നെ പാർശ്വഫലങ്ങൾ വളരെ കുറവാണ്. സെക്കൻഡിൽ 2 മീറ്ററോളമാണ് ഇവയുടെ ശരാശരി വേഗതയെങ്കിലും കുതിച്ചുചാട്ടത്തിന്റെ നിമിഷങ്ങളിൽ ഇത് 3.59 മീറ്റർ വരെ ഉയരും. ശരീരഭാരവും പേശികളുടെ നീളവും കൃത്യമായ അനുപാതത്തിൽ ഒത്തിണങ്ങിയ ശരീരഘടനയാണ് ഇവയുടെ അതിവേഗത്തിന് കാരണമെന്ന് ഗവേഷകർ കരുതുന്നു.
ശരീരവലിപ്പം കൂടിയ ചിലന്തികളല്ല ഏറ്റവും വേഗത്തിൽ ഓടുന്നതെന്നും, വല നെയ്ത് ഇരപിടിക്കുന്ന ചിലന്തികൾ വേട്ടയാടുന്ന ചിലന്തികളേക്കാൾ മന്ദഗതിയിലല്ലെന്നും ജർമ്മനിയിലെ ഗ്രീഫ്സ്വാൾഡ് യൂണിവേഴ്സിറ്റിയിലെ ഡോ. ജോനാസ് വുൾഫ് ചൂണ്ടിക്കാട്ടുന്നു. ഒരു നിശ്ചിത ശരീരഭാരം കഴിഞ്ഞാൽ ചിലന്തികളുടെ വേഗത കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലും വേഗതയേറിയ ഹണ്ട്സ്മാൻ ചിലന്തികൾ ഇനിയും ഉണ്ടാകാമെന്നും അവയെക്കുറിച്ചുള്ള പഠനങ്ങൾ തുടരുകയാണെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.

