വിപുലമായ ഓണാഘോഷത്തിന് ഐ.ഒ.സി.യും എസ്.ഐ.എ.എ.യും കൈകോർക്കുന്നു ; ഓഗസ്റ്റ് 23-ന് സിഡ്‌നിയിൽ ‘ഇന്ത്യൻ ഓണം 2026’

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു ഓണാഘോഷാനുഭവം സമ്മാനിക്കാൻ സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയും (SIAA) ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഓസ്ട്രേലിയയും കൈകോർക്കുന്നു. ‘Indian Onam 2026’ എന്ന പേരിൽ സിഡ്‌നിയിൽ വെച്ച് നടത്തുന്ന ഈ മെഗാ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി ഐ.ഒ.സി നാഷണൽ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റികളും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം (ജൂലൈ 10) ഓൺലൈനായി ചേർന്ന ഐ.ഒ.സി കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി യോഗത്തിൽ പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും എല്ലാ ചാപ്റ്ററുകളിലെയും ഭാരവാഹികളുടെയും പ്രവാസി മലയാളികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.

ഐ.ഒ.സി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് പി.വി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഹിൻസോ തങ്കച്ചൻ സ്വാഗതം ആശംസിച്ചു. നാഷണൽ കമ്മിറ്റി നേതാക്കളായ അരുൺ ജോർജ് (വൈസ് പ്രസിഡന്റ്), സോബൻ തോമസ് (ജനറൽ സെക്രട്ടറി), ബിജു സ്കറിയ (സെക്രട്ടറി), ഷൈബു പീച്ചിയോട് (സെക്രട്ടറി), മാമ്മൻ ഫിലിപ്പ് (സെക്രട്ടറി) എന്നിവരും ഐ.ഒ.സി കേരള ചാപ്റ്റർ നാഷണൽ കോർഡിനേറ്റർ സി.പി. സാജുവും പരിപാടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ച് സംസാരിച്ചു. വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐ.ഒ.സി പ്രസിഡന്റുമാരായ ബിനു വി. ജോർജ് (ന്യൂ സൗത്ത് വെയിൽസ്), റോബിൻ ജോസഫ് (വിക്ടോറിയ), നിയോട്ട്സ് വക്കച്ചൻ (ക്വീൻസ്‌ലാൻഡ്), പോളി ചെമ്പൻ / ജനീഷ് (വെസ്റ്റേൺ ഓസ്ട്രേലിയ), പോൾ പാറക്കാരൻ (നോർത്തേൺ ടെറിട്ടറി), ബിനീഷ് വണ്ണാറത്ത് (ആലീസ് സ്പ്രിംഗ്സ്), അരുൺ (സൗത്ത് ഓസ്ട്രേലിയ) എന്നിവരും യോഗത്തിൽ പങ്കെടുക്കുകയും തങ്ങളുടെ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂർണ്ണ പിന്തുണയും പങ്കാളിത്തവും വാഗ്ദാനം ചെയ്യുകയും ചെയ്തു. ന്യൂ സൗത്ത് വെയിൽസ് ജനറൽ സെക്രട്ടറി പ്രശാന്ത് ആഞ്ചല യോഗത്തിന്റെ മിനിറ്റ്സ് രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ആന്റണി യേശുദാസ് നന്ദി പ്രകാശനം നിർവഹിച്ചു.

2026 ഓഗസ്റ്റ് 23 ഞായറാഴ്ച ഗ്രാൻവില്ലിലെ (Granville) ദ വൈൻയാർഡ് കർമ്മൽ മോർ ഹാളിൽ (The Vineyard Karmel Mohr Hall) വെച്ചാണ് ഈ വൻപിച്ച ഓണാഘോഷം അരങ്ങേറുന്നത്. ഫെഡറൽ പാർലമെന്റ് അംഗവും കാബിനറ്റ് സെക്രട്ടറിയുമായ ഡോ. ആൻഡ്രൂ ചാർട്ടൺ എം.പി (Dr Andrew Charlton MP) പരിപാടിയിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കും. കൂടാതെ പ്രശസ്ത ചലച്ചിത്ര താരം വിമല രാമൻ മുഖ്യാതിഥിയായും എത്തുന്നതാണ്. പ്രമുഖ ഗായകരായ അമൃത സുരേഷ്, അഭിരാമി എന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഗൗതം വിൻസെന്റ്, വിഷ്ണു വർദ്ധൻ, ലെസ്‌ലി, റെജീഷ്, ചിറ്റാടി വിജയൻ എന്നിവരടങ്ങുന്ന പ്രശസ്ത ബാൻഡ് കലാകാരന്മാരുടെ ലൈവ് പെർഫോമൻസുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

കിയോസ് ഫൈൻ ഫുഡ്‌സ് (KIOS Fine Foods – Mr. Sarathi Muthukrishnan) ടൈറ്റിൽ സ്പോൺസർമാരായിരിക്കുന്ന ഈ പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യ, തനത് സാംസ്കാരിക കലാപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസിയും (Sheena Abdulkhader) പരിപാടിയുടെ മുഖ്യ പ്രായോജകരാണ്. ഓസ്ട്രേലിയയിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐ.ഒ.സി നാഷണൽ കമ്മിറ്റി അറിയിച്ചു. പരിപാടിയുടെ ടിക്കറ്റുകൾ പരിമിതമായതിനാൽ ‘Eventik – Indian Onam Live Sydney’ എന്ന ഔദ്യോഗിക ലിങ്ക് വഴി എത്രയും വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് സീറ്റുകൾ ഉറപ്പാക്കാൻ സംഘാടകർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *