ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് അഡ്‌ലെയ്ഡ്; മൂന്നും നാലും സ്ഥാനത്ത് മെല്‍ബണും സിഡ്‌നിയും

അഡ്‌ലെയ്ഡ് : ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) പുറത്തുവിട്ട ഏറ്റവും പുതിയ ‘ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സ്’ പ്രകാരം ലോകത്തിലെ ഏറ്റവും ജീവിക്കാൻ അനുയോജ്യമായ നഗരങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് സൗത്ത് ഓസ്‌ട്രേലിയൻ തലസ്ഥാനമായ അഡ്‌ലെയ്ഡ്. 2025-ലെ ഒൻപതാം സ്ഥാനത്തുനിന്നാണ് അഡ്‌ലെയ്ഡ് ഇത്തവണ ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. മൂന്ന് വർഷം മുൻപ് മുപ്പതാം സ്ഥാനത്തായിരുന്ന നഗരത്തിന്റെ ഈ ദ്രുതഗതിയിലുള്ള വളർച്ച അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധനേടിക്കഴിഞ്ഞു.

സ്ഥിരത , ആരോഗ്യം, വിദ്യാഭ്യാസം, ഇൻഫ്രാസ്ട്രക്ചർ, സംസ്കാരവും പരിസ്ഥിതിയും തുടങ്ങി അഞ്ച് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് വർഷം തോറും ഈ സൂചിക തയ്യാറാക്കുന്നത്. ഇത്തവണത്തെ റാങ്കിങ്ങിൽ ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗൻ ഒന്നാം സ്ഥാനവും ഓസ്ട്രിയയിലെ വിയന്ന രണ്ടാം സ്ഥാനവും നിലനിർത്തി. ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയിൽ കാനഡയുടെ വാൻകൂവറിനെയും (9-ാം സ്ഥാനം), ജപ്പാന്റെ ടോക്കിയോയെയും (10-ാം സ്ഥാനം) പിന്നിലാക്കാൻ അഡ്‌ലെയ്ഡിന് സാധിച്ചു. ഇൻഫ്രാസ്ട്രക്ചർ രംഗത്ത് 96-ഉം സ്റ്റെബിലിറ്റിയിൽ 95-ഉം പോയിന്റുകളാണ് അഡ്‌ലെയ്ഡ് സ്വന്തമാക്കിയത്. ഈ വലിയ നേട്ടം സൗത്ത് ഓസ്‌ട്രേലിയയിലേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങളും കുടിയേറ്റക്കാരെയും ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

അഡ്‌ലെയ്ഡിന്റെ ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ നഗരത്തിൽ സമീപകാലത്ത് നടന്ന വൻകിട ഇവന്റുകൾ വലിയ പങ്കുവഹിച്ചതായി ആക്ടിങ് പ്രീമിയർ ക്യാം മഹേർ വ്യക്തമാക്കി. എഎഫ്എൽ ഗാദർ റൗണ്ട് ബിപി അഡ്‌ലെയ്ഡ് ഗ്രാൻഡ് ഫൈനൽ അഡ്‌ലെയ്ഡ് ഫെസ്റ്റിവൽ, അഡ്‌ലെയ്ഡ് ഫ്രിഞ്ച്, വൊമാഡ്‌ലെയ്ഡ് തുടങ്ങിയ ലോകോത്തര മേളകൾ നഗരത്തിന് പുതിയൊരു സാംസ്കാരിക ഉണർവ് നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയയിൽ നിന്ന് മൂന്ന് നഗരങ്ങളാണ് ആദ്യ പത്തിൽ ഇടംപിടിച്ചത്. മെൽബൺ മൂന്നാം സ്ഥാനത്തും സിഡ്നി നാലാം സ്ഥാനത്തുമാണ് എത്തിയത്.

താങ്ങാനാവുന്ന ജീവിതച്ചെലവും മികച്ച കരിയർ അവസരങ്ങളും ഒത്തുചേരുന്ന അഡ്‌ലെയ്ഡ്, ജീവിക്കാനും നിക്ഷേപം നടത്താനും ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ നഗരമായി മാറുകയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഓരോ സൗത്ത് ഓസ്‌ട്രേലിയൻ ജനതയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *