ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ കാന്തോ സബാൽ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നാല് വീടുകൾക്ക് തീവെച്ച സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. 2023-ലെ വംശീയ കലാപകാലത്ത് ആളുകൾ ഒഴിഞ്ഞുപോയിരുന്ന വീടുകളാണ് അഗ്നിക്കിരയായത്.
കാങ്പോക്പി ഭാഗത്തുനിന്ന് നൂറുകണക്കിന് ആളുകൾ പ്രദേശത്തേക്ക് എത്തിയതായാണ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് മെയ്തെയ് വിഭാഗക്കാരും സംഘടിച്ചെത്തിയെങ്കിലും സുരക്ഷാസേന ഇടപെട്ട് ഇരുവിഭാഗങ്ങളെയും തടഞ്ഞതോടെ വൻ സംഘർഷം ഒഴിവായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാസേന ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

