ചൈനയിൽ ബാവി ചുഴലിക്കാറ്റ്; 18 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

ബെയ്ജിങ്: കിഴക്കൻ ചൈനയെ ലക്ഷ്യമാക്കി വീശിയടിക്കുന്ന ബാവി ചുഴലിക്കാറ്റിനെ തുടർന്ന് 18 ലക്ഷത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഷെജിയാങ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേരെ ഒഴിപ്പിച്ചത്. കനത്ത മഴ, ശക്തമായ കാറ്റ്, വെള്ളപ്പൊക്ക ഭീഷണി എന്നിവയെ തുടർന്നാണ് അധികൃതർ വ്യാപക മുൻകരുതൽ നടപടികൾ സ്വീകരിച്ചത്.

ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ വിമാന, ട്രെയിൻ സർവീസുകൾ വ്യാപകമായി റദ്ദാക്കുകയോ നിയന്ത്രിക്കുകയോ ചെയ്തു. നിരവധി സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും തീരപ്രദേശങ്ങളിലെ മത്സ്യബന്ധനവും കടൽഗതാഗതവും താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

ഷെജിയാങ് പ്രവിശ്യയിൽ കരതൊട്ട ബാവി പിന്നീട് ശക്തി കുറഞ്ഞെങ്കിലും കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനാൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി അടിയന്തരസേനയെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *