മൈസൂരു: ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക എസ്. ജാനകിയമ്മയ്ക്ക് രാജ്യം അന്ത്യാഞ്ജലി അർപ്പിച്ചു. മൈസൂരുവിൽ അന്തരിച്ച ജാനകിയമ്മയുടെ സംസ്കാര ചടങ്ങുകൾ കർണാടകയിലെ കനിയനഹുണ്ഡി ഫാം ഹൗസിൽ ഉച്ചകഴിഞ്ഞ് ഔദ്യോഗിക ബഹുമതികളോടെ നടന്നു. 88 വയസായിരുന്നു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്.
മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലായി 48,000-ത്തോളം ഗാനങ്ങളാണ് ഈ വാനമ്പാടി ആസ്വാദകർക്കായി സമ്മാനിച്ചത്. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയതോടെയാണ് ജാനകി എന്ന പ്രതിഭ സംഗീത ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. തുടർന്ന് എം.എസ്. ബാബുരാജ്, എം.എസ്. വിശ്വനാഥൻ, ഇളയരാജ, ജി. ദേവരാജൻ, എ.ആർ. റഹ്മാൻ തുടങ്ങി ഇന്ത്യൻ സംഗീത ലോകത്തെ പ്രഗത്ഭരായ ഒട്ടേറെ സംഗീത സംവിധായകരുടെ പ്രശസ്തമായ ഗാനങ്ങൾക്ക് ജാനകിയമ്മ ജീവൻ നൽകി. നാല് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും 33 തവണ വിവിധ സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്കാരങ്ങളും നേടി അവർ സംഗീത ലോകത്തെ അദ്വിതീയ സാന്നിധ്യമായി മാറി.
ജാനകിയമ്മയുടെ വേർപാടിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും അനുശോചന പ്രവാഹമാണുണ്ടായത്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ജാനകിയമ്മ അനശ്വരമാക്കിയ സംഗീതസൃഷ്ടികൾ എക്കാലവും വിലമതിക്കപ്പെടുന്നതായിരിക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുസ്മരിച്ചു. ഭാഷാപരമായ അതിർത്തികൾ മറികടന്ന് ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നതായിരുന്നു ജാനകിയമ്മയുടെ പാട്ടുകളെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. തലമുറകളുടെ സ്നേഹം ഏറ്റുവാങ്ങിയ ആ ഗാനങ്ങൾ ആസ്വാദകരുടെ മനസ്സിൽ എക്കാലവും നിലനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. കേരള ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ പ്രമുഖരായ നിരവധി പേർ ചടങ്ങുകളിൽ സംബന്ധിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

